ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മെഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. എത്തിക്‌സ് കമ്മിറ്റി റിപോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. മെഹുവ മൊയ്ത്രയുടെ പെരുമാറ്റം എംപിയെന്ന നിലയില്‍ അധാര്‍മികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്‌സ് കമ്മിറ്റിയുടെ നിഗമനങ്ങള്‍ ഈ സഭ അംഗീകരിക്കുന്നുവെന്നും അതുകൊണ്ട് അവര്‍ എംപിയായി തുടരുന്നത് ഉചിതമല്ലെന്നുമാണ് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞത്. ലോക്‌സഭയില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. എത്തിക്‌സ് കമ്മിറ്റി മുമ്പാകെയുള്ള ചോദ്യംചെയ്യലില്‍ അധിക്ഷേപകരമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആരോപിച്ച് മെഹുവ മൊയ്ത്ര ഇറങ്ങിപ്പോയിരുന്നു.