തലസ്ഥാനത്തെ തിരക്കേറിയ മാര്‍ക്കറ്റില്‍ സ്‌ഫോടകവസ്തു ഉപേക്ഷിച്ച നിലയില്‍; ലക്ഷ്യമിട്ടത് പരമാവധി നാശം

കണ്ടെടുത്ത ഐഇഡി നിയന്ത്രിത സ്‌ഫോടനം നടത്തി നിര്‍വീര്യമാക്കി. മൂന്നു കിലോ ഭാരമുള്ളതായിരുന്നു സ്‌ഫോടകവസ്തു.

Update: 2022-01-14 12:52 GMT

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂര്‍ പുഷ്പ മാര്‍ക്കറ്റില്‍ മൂന്നുകിലോയുടെ സ്‌ഫോടകവസ്തു (ഐഇഡി) കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മാര്‍ക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലായിരുന്നു സ്‌ഫോടകവസ്തു. രാവിലെ ഒമ്പതരയോടെ മാര്‍ക്കറ്റില്‍ എത്തിയ ഒരാള്‍ സ്‌കൂട്ടിയും ബാഗും അവിടെ ഉപേക്ഷിക്കുകയായിരുന്നു.

സംശയം തോന്നിയ പൂക്കടക്കാരന്‍ പോലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലിസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌പെഷല്‍ സെല്‍ ഉദ്യോഗസ്ഥരും എന്‍എസ്ജിയും സ്ഥലത്തെത്തി. ഫയര്‍ എന്‍ജിസുകളും സംഭവ സ്ഥലത്തെത്തിയതായി ഡല്‍ഹി പോലിസ് അറിയിച്ചു.

കണ്ടെടുത്ത ഐഇഡി നിയന്ത്രിത സ്‌ഫോടനം നടത്തി നിര്‍വീര്യമാക്കി. മൂന്നു കിലോ ഭാരമുള്ളതായിരുന്നു സ്‌ഫോടകവസ്തു. സ്‌ഫോടക വസ്തു കണ്ടെത്തിയതിന് പിന്നാലെ മാര്‍ക്കറ്റ് പൂര്‍ണമായും ഒഴിപ്പിച്ചു. സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങള്‍ എന്‍എസ്ജി വിശദമായി പരിശോധിച്ചശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ജനുവരി 26 റിപബ്ലിക് ദിനത്തിന് മുന്നോടിയായി തിരക്കേറിയ പൂ മാര്‍ക്കറ്റില്‍ സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മാര്‍ക്കറ്റിന് സമീപത്തെ 15ഓളം സിസിടിവി കാമറകള്‍ അന്വേഷണ സംഘം ശേഖരിച്ചു. കണ്ടെടുത്ത സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.

Tags:    

Similar News