കൊവിഡ് വാക്‌സിന് പകരം പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്‍ നല്‍കി; യുപിയില്‍ വിവാദം
ആരോഗ്യകേന്ദ്രത്തില്‍ വച്ച് നല്‍കിയ കുത്തിവെയ്പിന് പിന്നാലെ തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട ഒരു സ്ത്രീ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
ലഖ്‌നൗ: യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മൂന്ന് പ്രായമായ സ്ത്രീകള്‍ക്ക് കൊവിഡ് വാക്‌സിന് പകരം പേവിഷബാധയ്‌ക്കെതിരെ നല്‍കുന്ന വാക്‌സിന്‍ നല്‍കി. ആരോഗ്യകേന്ദ്രത്തില്‍ വച്ച് നല്‍കിയ കുത്തിവെയ്പിന് പിന്നാലെ തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട ഒരു സ്ത്രീ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
പശ്ചിമ ഉത്തര്‍പ്രദേശിലെ ഷാമിലിയിലാണ് സംഭവം. മൂന്ന് സ്ത്രീകള്‍ക്ക് വാക്‌സിന്‍ കുത്തിവെച്ചത് മാറിപ്പോകുകയായിരുന്നു. കുത്തിവെയ്പിന് പിന്നാലെ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ട ഇവരില്‍ ഒരാള്‍ സ്വകാര്യ ഡോക്ടറുടെ സേവനം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ തനിക്ക് നല്‍കിയ സ്ലിപ്പ് സ്ത്രീ ഡോക്ടറെ കാണിച്ചു. ഇതില്‍ പേവിഷബാധയ്‌ക്കെതിരെ നല്‍കുന്ന റാബിസ് വാക്‌സിന്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
സംഭവം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. 60നും 70നും ഇടയില്‍ പ്രായമുള്ളവരാണ് സ്ത്രീകള്‍. ഇവരോട് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ പോകാനാണ് നിര്‍ദേശിച്ചത്. പകരം ഇവര്‍ ജനറല്‍ ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ പോയതാണ് വാക്‌സിന്‍ മാറിപ്പോകാന്‍ കാരണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഫാര്‍മസിസ്റ്റിന്റെ ഭാഗത്ത്് നിന്നുണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്നാണ്് പ്രാഥമിക നിഗമനം. സ്ഥലം മാറി വന്നവര്‍ക്ക് എങ്ങനെയാണ് റാബിസ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.