നജീബിന്റെ തിരോധാനത്തിനു മൂന്നാണ്ട്; അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും

നജീബ്, സുബോധ്കുമാര്‍, തബ്രീസ് അന്‍സാരി, ഗൗരി ലങ്കേഷ് എന്നിവരുടെ കുടുംബം പങ്കെടുക്കും

Update: 2019-10-05 02:52 GMT

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായിട്ട് മൂന്നുവര്‍ഷം പൂര്‍ത്തിയാവുന്ന ഒക്ടോബര്‍ 15നു യൂനൈറ്റഡ് എഗന്‍സ്റ്റ് ഹേറ്റ് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തില്‍ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍, ജയ്ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ജൂണില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന തബ്രീസ് അന്‍സാരിയുടെ കുടുംബം, 2017 സപ്തംബറില്‍ ഹിന്ദുത്വര്‍ വെടിവച്ചുകൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് യൂനൈറ്റഡ് എഗന്‍സ്റ്റ് ഹേറ്റ് പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ നദീം ഖാന്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, സുബോധ് കുമാറിന്റെ ഭാര്യ രജനി സിങ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കേസന്വേഷണത്തിനു വേണ്ടി തന്റെ സമ്പാദ്യങ്ങളെല്ലാം നഷ്ടമായെന്നും എന്നാല്‍ തന്റെ മകനെ മാത്രം ലഭിച്ചില്ലെന്നും നജീബിന്റെ മാതാവ് ഫാത്തിമാ നഫീസ് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നുവര്‍ഷമായി ഫാത്തിമ നഫീസ് നിയമപോരാട്ടം തുടരുകയാണ്. 2017 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. നജീബിനെ കാണാതാവുന്നതിനു തലേന്ന് രാത്രി ഒരുസംഘം എബിവിപി പ്രവര്‍ത്തകരും നജീബും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ആക്രമിക്കുന്നത് കണ്ടതായി ജെഎന്‍യുവിലെ ചീഫ് പ്രോക്റ്റര്‍ എ പി ദിംരിയും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ 9 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ ഡല്‍ഹി പോലിസ് അന്വേഷണം നടത്തിയെങ്കിലും നജീബിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് 2017 മെയില്‍ ഡല്‍ഹി ഹൈക്കോടതി അന്വേഷണം സിബി ഐയ്ക്ക് വിട്ടു. ഒന്നര വര്‍ഷത്തിനു ശേഷം, തുമ്പൊന്നും കണ്ടെത്താനായില്ലെന്നു പറഞ്ഞ് 2018 ഒക്ടോബറില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. പോലിസ് ദിവസം തോറും വഞ്ചിക്കുകയാണെന്നും അവരുടെ താല്‍പര്യം ശരിയല്ലെന്നും ഫാത്തിമ നഫീസ് പറഞ്ഞു. സിബിഐയില്‍ നിന്ന് ഇത്തരം നടപടി ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അന്വേഷണം തുടങ്ങി മാസങ്ങള്‍ക്കകം തന്നെആരാണ് സംഭവത്തിനു പിന്നിലെന്നു ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ലെന്നു ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നുവെന്നു മുതിര്‍ന്ന അഭിഭാഷകനും ഹ്യൂമണ്‍റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്ക് സ്ഥാപകനുമായ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു. നജീബിന്റെ തിരോധാനത്തിന്റെ മൂന്നുവര്‍ഷത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും അദ്ദേഹം പുറത്തിറക്കി.

    കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടില്ല എന്നതു ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, നജീബ് ഐഎസില്‍ ചേര്‍ന്നെന്ന വ്യാജപ്രചാരണവും ചിലര്‍ നടത്തി. എന്നാല്‍, ഇതിനെ സ്ഥിരീകരിക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം ആവര്‍ത്തിച്ചു വ്യക്തമാക്കി. നജീബ് ഐഎസില്‍ ചേര്‍ന്നെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരേ മാനനഷ്ടത്തിനു കേസ് കൊടുക്കുകയും ചെയ്തിരുന്നു. നജീബിന്റെ കുടുംബത്തിനു ഡല്‍ഹി വഖ്ഫ് ബോര്‍ഡ് നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ കൊടുത്തതിനെതിരേയായിരുന്നു മിശ്രയുടെ പ്രതികരണം. മാത്രമല്ല, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നജീബിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും ജോലിയും വാഗ്ദാനം ചെയ്തതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ഒരു വര്‍ഷം 8000 കുട്ടികളെ കാണാതാവുന്നുണ്ടെന്നും അവരുടെ രക്ഷിതാക്കള്‍ എന്തു തെറ്റാണ് ചെയ്തതെന്നും അവര്‍ ഹിന്ദുക്കളായതാണോ തെറ്റെന്നും കെജ്രിവാള്‍ ജിഹാദികള്‍ക്കും നക്‌സലുകള്‍ക്കുമാണ് പണം കൊടുക്കുന്നതെന്നുമായിരുന്നു മിശ്രയുടെ പ്രതികരണം. കപില്‍ മിശ്ര മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനാണു നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ തീരുമാനം.



Tags:    

Similar News