സുബോധ്കുമാര്‍ സിങ് വധം: 35 പ്രതികളില്‍ കൊലക്കുറ്റം അഞ്ചുപേര്‍ക്കെതിരേ മാത്രം
ലക്‌നോ: ഗോഹത്യ ആരോപിച്ച് ബുലന്ദ്ശഹറില്‍ ഹിന്ദുത്വര്‍ നടത്തിയ കലാപം നിയന്ത്രിക്കാനെത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 35 പേര്‍ പ്രതികളായ കുറ്റപത്രത്തില്‍ അഞ്ചുപേര്‍ക്കെതിരേ മാത്രമാണ് കൊലപാതകക്കുറ്റം ചാര്‍ത്തിയിട്ടുള്ളതെന്നു പോലിസ് പറഞ്ഞു. പ്രശാന്ത് നാട്ട് ഉള്‍പ്പെടെ അഞ്ചുപേരാണ് സുബോധ് സിങിനെ കൊലപ്പെടുത്തിയ സംഘത്തിലുള്ളതെന്നും ഇതില്‍ ഒരാളാണ് വെടിവച്ചതെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും മുഖ്യപ്രതിയുമെന്ന് പോലിസ് വിശേഷിപ്പിച്ചിരുന്ന യോഗേഷ് രാജിനെതിരേ കലാപം നടത്തിയതിനും കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചതിനുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. തിങ്കളാഴ്ച പ്രാദേശി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ വിചാരണ ഉടന്‍ തുടങ്ങും. പ്രശാന്ത് നാട്ട് ആണ് വെടിയുതിര്‍ത്തതെന്ന് നേരത്തേ പോലിസ് വ്യക്തമാക്കിയിരുന്നു. സുബോധ്കുമാറിനെ പ്രശാന്തിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടം വളഞ്ഞ് കല്ലെറിയുകയും തോക്ക് പിടിച്ചുവാങ്ങി വെടിവച്ചു കൊല്ലുകയുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചതായി പോലിസ് അറിയിച്ചിരുന്നു. ആദ്യ എഫ്‌ഐആറില്‍ പ്രശാന്ത് നാട്ടിന്റെ പേരുണ്ടായിരുന്നില്ല. പിന്നീടാണ് ഇയാളെ പിടികൂടിയത്. 2018 ഡിസംബര്‍ മൂന്നിനാണ് പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ച് ബുലന്ദ് ശഹറില്‍ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ആക്രമണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ഗോമാംസം കൈവശം വച്ചെന്ന് ആരോപിച്ച് 2014ല്‍ ദാദ്രിയില്‍ അഖ്‌ലാഖ് കൊലചെയ്യപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാര്‍ സിങായിരുന്നു.