ബുലന്ദ്ഷഹര്‍ കലാപം: 38 പ്രതികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ് ഒഴിവാക്കിയതായി പ്രതിഭാഗം അഭിഭാഷകന്‍
സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബുലന്ദ്ഷഹര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാജ്യദ്രോഹവകുപ്പ് ചുമത്താന്‍ വിസമ്മതിച്ചത്.
മീറത്ത്: ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് 38 പ്രതികള്‍ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കേസ് ഒഴിവാക്കിയതായി പ്രതിഭാഗം അഭിഭാഷകന്‍.സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബുലന്ദ്ഷഹര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാജ്യദ്രോഹവകുപ്പ് ചുമത്താന്‍ വിസമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിയാനയിലെ ചിംഗ്രവതി ഗ്രാമത്തില്‍നിരവധി പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെയാണ് സംഘപരിവാരം കലാപം അഴിച്ചുവിട്ടത്. സംഘര്‍ഷങ്ങളില്‍ പോലിസ് ഇന്‍സ്‌പെക്ടറും അക്രമി സംഘത്തില്‍പെട്ട യുവാവും കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹം ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാന്‍ അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.പോലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചു പ്രതികള്‍ക്കെതിരേ ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.
കൂടാതെ, ബജറംഗദള്‍ നേതാവ് യോഗേഷ് രാജ്, ബിജെപി നേതാവ് ശിഖര്‍ അഗര്‍വാള്‍, വിഎച്ച്പിയുടെ ഉപേന്ദ്ര രാഘവ് ഉള്‍പ്പെടെ 33 പേര്‍ക്കെതിരേ സംഘര്‍ഷത്തിന് പ്രേരിപ്പിക്കല്‍, തീവയ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.38 പ്രതികള്‍ക്കെതിരേ 103 പേജ് വരുന്ന കുറ്റപത്രവും 3400 പേജ് വരുന്ന കേസ് ഡയറിയുമാണ് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം, രാജ്യദ്രോഹം ചുമത്തുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് ആരാഞ്ഞ് അക്കാര്യം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം മേധാവി അറിയിച്ചു.