പോസ്റ്റര്‍ പതിച്ചതിന് രാജ്യദ്രോഹക്കുറ്റം; ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
നാല് ദിവസത്തെ പൊലിസ് കസ്റ്റഡി അവസാനിച്ചതോടെയാണ് റിന്‍ഷാദിനെയും മുഹമ്മദ് ഫാരിസിനെയും മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
മലപ്പുറം: കശ്മീരുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസിന് ആസ്പദമായ പോസ്റ്ററുകള്‍ കോളജില്‍ ഒട്ടിച്ചിട്ടില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു.
നാല് ദിവസത്തെ പൊലിസ് കസ്റ്റഡി അവസാനിച്ചതോടെയാണ് റിന്‍ഷാദിനെയും മുഹമ്മദ് ഫാരിസിനെയും മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റര്‍ കാംപസില്‍ പതിച്ചത് തങ്ങളല്ലെന്നായിരുന്നു റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം പ്രവര്‍ത്തകരായ ഇരുവരുടേയും വാദം.
അതേസമയം, പോസ്റ്റര്‍ പതിച്ചതിനെതിരെ പൊലിസില്‍ പരാതിപ്പെട്ട കോളജ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ വാദം തള്ളിക്കളഞ്ഞിരുന്നു. ബുധനാഴ്ചയാണ് കാംപസില്‍ പോസ്റ്ററുകള്‍ കണ്ടത്. കശ്മീരികള്‍ക്ക് എതിരേയുള്ള സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിക്കുക എന്ന പോസ്റ്ററാണ് തങ്ങള്‍ പതിച്ചതെന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്. എന്നാല്‍, കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന പോസ്റ്റര്‍ പതിച്ചുവെന്നാണ് അധികൃതരുടെ അവകാശവാദം.
വെള്ളിയാഴ്ച റിന്‍ഷാദിനെയും മുഹമ്മദ് ഫാരിസിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തു. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് റിന്‍ഷാദ്. മുഹമ്മദ് ഫാരിസ് ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയും.