'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ
ഒരു ചരക്ക് തീവണ്ടിക്ക് വഹിക്കാനാവുന്നതിന്റെ മൂന്നിരട്ടി ചരക്കുകള്‍ സൂപ്പര്‍ വാസുകിയില്‍ കയറ്റാന്‍ പറ്റും. 25,962 ടണ്‍ കല്‍ക്കരിയുമായി ഛത്തീഡ്ഗഡിലെ കോര്‍ബ മുതല്‍ നാഗ്പുരിലെ രാജ്‌നന്ദ്ഗാവ് വരെയാണ് സൂപ്പര്‍ വാസുകി ഓടിയത്.
ന്യൂഡല്‍ഹി: 295 വാഗണുകളുള്ള വമ്പന്‍ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ. ഒരു താപവൈദ്യുതി നിലയത്തിന് ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ കല്‍ക്കരി മുഴുവന്‍ ഒറ്റത്തവണ എത്തിക്കാന്‍ ശേഷിയുള്ള ചരക്ക് തീവണ്ടി 'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടമാണ് റെയില്‍വെ നടത്തിയത്. ഇതിന് ആറ് എഞ്ചിനുകളുണ്ട്. സ്വാതന്ത്ര്യ ദിനത്തിലാണ് തീവണ്ടിയുടെ കന്നി ഓട്ടം നടന്നത്.
ഒരു ചരക്ക് തീവണ്ടിക്ക് വഹിക്കാനാവുന്നതിന്റെ മൂന്നിരട്ടി ചരക്കുകള്‍ സൂപ്പര്‍ വാസുകിയില്‍ കയറ്റാന്‍ പറ്റും. 25,962 ടണ്‍ കല്‍ക്കരിയുമായി ഛത്തീഡ്ഗഡിലെ കോര്‍ബ മുതല്‍ നാഗ്പുരിലെ രാജ്‌നന്ദ്ഗാവ് വരെയാണ് സൂപ്പര്‍ വാസുകി ഓടിയത്. 3.5 കിലോമീറ്ററായിരുന്നു ട്രെയിന്റെ മൊത്തം നീളം. അഞ്ച് ചരക്കുതീവണ്ടികളുടെ ബോഗികള്‍ ഒന്നിച്ചു ചേര്‍ന്നതാണ് സൂപ്പര്‍ വാസുകി തയ്യാറാക്കിയത്. ഒരു സ്റ്റേഷന്‍ കടക്കാന്‍ സൂപ്പര്‍ വാസുകി നാല് മിനിറ്റോളം സമയമെടുത്തു.
ഒറ്റയാത്രയില്‍ 27,000 ടണ്‍ വരെ സൂപ്പര്‍ വാസുകിയ്ക്ക് വഹിക്കാനാകും. 3000 മെഗാവാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റിന് ഒരു ദിവസം ആവശ്യമുള്ള കല്‍ക്കരി ഒറ്റത്തവണ യാത്രയില്‍ സൂപ്പര്‍ വാസുകിയ്ക്ക് എത്തിക്കാനാകും. 9,000 ടണ്‍ കല്‍ക്കരിയാണ് നിലവില്‍ ഇന്ത്യയിലെ ഒരു ചരക്കുതീവണ്ടിയ്ക്ക് പരമാവധി എത്തിക്കാനാവുന്നത്. ഇതിന്റെ മൂന്നിരട്ടി സൂപ്പര്‍ വാസുകി എത്തിക്കും. ഇത്തരം ചരക്കുതീവണ്ടികള്‍ വ്യാപകമായി ഉപയോഗിക്കാനുള്ള ആലോചനയിലാണ് റെയില്‍വെ.