പാകിസ്താനില്‍ ബോംബ് സ്‌ഫോടനം; 39 പേര്‍ കൊല്ലപ്പെട്ടു

Update: 2023-07-30 14:03 GMT

പെഷാവര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ഖയില്‍ രാഷ്ട്രീയപ്പാര്‍ട്ടിയുടെ സമ്മേളനത്തിനിടെ ബോംബ് സ്‌ഫോടനം. 39 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജംഇയ്യത്തുല്‍ ഉലമായെ ഇസ് ലാംഫസല്‍(ജെയുഐഎഫ്) ബജൗര്‍ ജില്ലയില്‍ സംഘടിപ്പിച്ച സമ്മേളനത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ജെയുഐഎഫിന്റെ പ്രമുഖ നേതാവ് മൗലാന സിയാവുല്ല ജാനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി ബജൗര്‍ ജില്ലാ എമര്‍ജന്‍സി ഓഫിസര്‍ സഅദ് ഖാന്‍ പാകിസ്താന്‍ ദിനപത്രമായ ഡോണിനോട് പറഞ്ഞു. 'ആശുപത്രിയില്‍ 39 മൃതദേഹങ്ങളുണ്ടെന്ന് സ്ഥിരീകരിക്കാനാവുമെന്നും 123 പേര്‍ക്ക് പരിക്കേറ്റതായും 17പേരുടെ നില ഗുരുതരമാണെന്നും ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ആരോഗ്യമന്ത്രി റിയാസ് അന്‍വര്‍ എഎഫ്പിയോട് പറഞ്ഞു. പ്രവിശ്യാ ഗവര്‍ണര്‍ ഹാജി ഗുലാം അലിയും മരണസംഖ്യ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ പെഷാവറിലെയും ടൈമര്‍ഗെരയിലെയും ആശുപത്രികളിലേക്ക് മാറ്റുകയാണ്. പരിക്കേറ്റവരെയും കൊണ്ട് ആംബുലന്‍സുകള്‍ ആശുപത്രികളിലേക്ക് മാറ്റുന്ന ദൃശ്യങ്ങളും ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാം. സംഭവശേഷം പ്രദേശം പോലിസ് വളഞ്ഞിരിക്കുകയാണ്. സ്‌ഫോടനത്തെ ശക്തമായി അപലപിക്കുന്നതായും ഇത് ജിഹാദല്ല, ഭീകരതയാണെന്നും ജെയു ഐഎഫ് നേതാവ് ഹാഫിസ് ഹംദുല്ല പറഞ്ഞു. ഇത് മനുഷ്യത്വത്തിനും ബജൗറിനും എതിരായ ആക്രമണമാണ്. പരിപാടിക്ക് തന്നെ ക്ഷണിച്ചെങ്കിലും വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടാണ് പങ്കെടുക്കാതിരുന്നത്. തന്റെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മരണവാര്‍ത്തയാണ് തനിക്ക് ഇതുവരെ ലഭിച്ചതെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിതരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള ഖാര്‍ പട്ടണത്തില്‍ ജെയുഐഎഫ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. പാക്കിസ്താനിലെ നിരവധി നേതാക്കളും ആക്രമണത്തെ അപലപിക്കുകയും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.


Tags:    

Similar News