ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; നാലു സായുധര്‍ കൊല്ലപ്പെട്ടു, രണ്ട് സൈനികര്‍ക്ക് വാഹനാപകടത്തില്‍ ജീവഹാനി

ഷോപ്പിയാനിലെ ബഡിഗാമിലെ സൈനപോരയില്‍ സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Update: 2022-04-14 13:45 GMT

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ നാല് ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകരെ സുരക്ഷാ സേന വെടിവച്ചു കൊന്നതായി അധികൃതര്‍ അറിയിച്ചു. ഷോപ്പിയാനിലെ ബഡിഗാമിലെ സൈനപോരയില്‍ സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

'സൈന്യത്തിന്റെ സംയുക്ത സംഘം സംശയാസ്പദമായ സ്ഥലം വളഞ്ഞപ്പോള്‍, ഒളിച്ചിരുന്ന സായുധര്‍ വെടിയുതിര്‍ത്തു, ഇത് ഏറ്റുമുട്ടലിന് കാരണമായി. രണ്ട് സായുധര്‍ ആദ്യ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് പേര്‍ കൂടി പിന്നീട് കൊല്ലപ്പെട്ടു' -ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് കശ്മീരിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാറിനെ ഉദ്ധരിച്ച് പോലീസ് ട്വീറ്റ് പറഞ്ഞു. അതിനിടെ, ഷോപ്പിയാന്‍ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് വരുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതിനിടെ, 44 ആര്‍ആര്‍ ചൗഗം ക്യാംപില്‍ നിന്ന് സൈനികരുമായി ടാറ്റ സുമോ ബഡിഗാമിലെ സ്ഥലത്തേക്ക് പോകുകയായിരുന്നു. ചില സാങ്കേതിക തകരാര്‍ മൂലം ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അത് റോഡില്‍ നിന്ന് തെന്നിമാറുകയും ചെയ്തു. നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും അവരില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു'-ഷോപിയാനിലെ ഒരു മുതിര്‍ന്ന പോലിസ് ഓഫിസര്‍ പറഞ്ഞു.

Tags:    

Similar News