യെമനില്‍ ജനസംഖ്യയുടെ 40 ശതമാനം ആളുകളും പട്ടിണിയില്‍; ഗുരുതര സ്ഥിതി വ്യക്തമാക്കി യുഎന്‍ റിപോര്‍ട്ട്

Update: 2022-01-05 07:28 GMT

അങ്കാറ: അടിക്കടിയുണ്ടാവുന്ന യുദ്ധങ്ങളെത്തുടര്‍ന്ന് കലുഷിതാന്തരീക്ഷമായി മാറിയ യെമന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പട്ടിണിയുടെ തീവ്രത വരച്ചുകാട്ടി ഐക്യരാഷ്ട്ര സഭയുടെ പഠനറിപോര്‍ട്ട്. യെമന്‍ ജനസംഖ്യയുടെ ഏകദേശം 40 ശതമാനം ആളുകളും പട്ടിണി നേരിടുന്നുവെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഇവര്‍ 'ഭക്ഷണത്തിന്റെ അപര്യാപ്തത' പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎന്‍ സംഘടനയായ ഓഫിസ് ഫോര്‍ കോ-ഓഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (OCHA) തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.

യെമനിലെ പട്ടിണിയുടെ അപകടസാധ്യത ലഘൂകരിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കിടയിലും ഭക്ഷ്യ അരക്ഷിതാവസ്ഥ രാജ്യത്ത് ഒരു പ്രധാന വെല്ലുവിളിയായി തുടരുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ 16.2 ദശലക്ഷം ആളുകള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. 2014ല്‍ ഹൂഥി വിമതര്‍ തലസ്ഥാനമായ സന ഉള്‍പ്പെടെ രാജ്യത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തതിനുശേഷം യെമനില്‍ അക്രമവും അസ്ഥിരതയും രൂക്ഷമാണ്. യെമന്‍ സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ശ്രമം തുടങ്ങിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി. ഇത് ലോകത്തിലെ ഏറ്റവും മോശം മനുഷ്യനിര്‍മിത പ്രതിസന്ധികളിലൊന്നായി മാറുന്നതിന് കാരണമായി.

യെമനിലെ ഏകദേശം 80 ശതമാനം അല്ലെങ്കില്‍ ഏകദേശം 30 ദശലക്ഷം ആളുകള്‍ക്ക് മാനുഷിക സഹായവും സംരക്ഷണവും ആവശ്യമാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 13 ദശലക്ഷത്തിലധികം ആളുകള്‍ അപകടകരമായ പട്ടിണിയുടെ രൂക്ഷതയിലാണ് യുഎന്‍ കണക്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. യെമനിലെ യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 2021 അവസാനത്തോടെ 377,000 ആവുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ഒരു യുദ്ധം നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണെന്നതു പോലെ ഇവിടേയും കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണെന്നാണ് യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) കണക്ക്. യുദ്ധം മൂലം മരിക്കുക എന്നാല്‍ യുദ്ധത്തില്‍ പങ്കെടുത്തത് കൊണ്ട് മരിക്കുക എന്നതിന് അര്‍ഥമില്ല. ഒരു യുദ്ധം നാടിന് ഏല്‍പ്പിച്ച പ്രത്യാഘാതങ്ങള്‍ മൂലവും മരണങ്ങള്‍ ഉണ്ടാവാം. പട്ടിണി യുദ്ധം വരുത്തി വെക്കുന്ന പ്രധാനപ്പെട്ട സ്ഥിതിവിശേഷങ്ങളില്‍ ഒന്നായി മാറുന്നതും അങ്ങനെയാണ്.

മരണപ്പെട്ടവരില്‍ 60 ശതമാനം മരണങ്ങളുമുണ്ടാവുന്നത് പട്ടിണി മൂലവും രോഗങ്ങള്‍ മൂലവുമാവുമാണ്. കുട്ടികളില്‍ പോഷകാഹാരം കുറയുന്നത് മരണത്തിലേക്ക് അവരെ തള്ളിവിടാന്‍ കാരണമാവുന്നു. 2022 ജനുവരിയില്‍ സമാധാനക്കൊടി പാറിയാല്‍ 2047ഓടു കൂടി യെമനികള്‍ക്ക് കടുത്ത ദാരിദ്ര്യത്തില്‍നിന്ന് രക്ഷനേടാനാവുമെന്നാണ് യുഎന്‍ഡിപിയുടെ പ്രവചനം. ഭാവിയിലെ സാഹചര്യങ്ങള്‍ വിശകലനം ചെയ്യാനായി സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിങ് ഉപയോഗിച്ചാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ യുഎന്‍ഡിപി എത്തിച്ചേര്‍ന്നത്. കണക്കുകള്‍പ്രകാരം സംഘര്‍ഷം അവസാനിച്ചാല്‍ 2025 ആവുന്നതോടെ പോഷകാഹാരക്കുറവില്‍ മാറ്റം വരുത്താന്‍ സാധിക്കും. 2050 ഓടുകൂടി സാമ്പത്തിക വളര്‍ച്ച 450 ബില്യന്‍ ഡോളറാവുമെന്നും പഠനങ്ങള്‍ പറയുന്നു.

Tags:    

Similar News