ശശി തരൂര്‍ ഭാര്യയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചിരുന്നുവെന്ന് ഡല്‍ഹി പോലിസ് കോടതിയില്‍

പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധവും മാനസികാസ്വസ്ഥതയ്ക്കു കാരണമായിട്ടുണ്ട്

Update: 2019-08-21 01:39 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന വിധത്തില്‍ പീഡിപ്പിച്ചിരുന്നുവെന്ന് ഡല്‍ഹി പോലിസ് റിപോര്‍ട്ട്. ഭര്‍ത്താവ് ശശി തരൂറുമായുള്ള ബന്ധം വഷളായത് സുനന്ദ പുഷ്‌കറിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും ചൊവ്വാഴ്ച കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുനന്ദ പുഷ്‌കറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശശി തരൂറിനെതിരായ വാദത്തിനിടെയാണ് ഡല്‍ഹി പോലിസിന്റെ റിപോര്‍ട്ട് സമര്‍പ്പിച്ചത്.ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ സുനന്ദയെ മാനസികമായി അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രകാരം സുനന്ദ പുഷ്‌കറുടെ മരണകാരണം വിഷം അകത്തുചെന്നതാണ്. അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 സ്ഥലങ്ങളില്‍ പരിക്കേറ്റ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൈത്തണ്ട, കാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിക്കേറ്റ പാടുകള്‍ കണ്ടെത്തിയതെന്നും അന്വേഷണ സംഘം പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാര്‍ മുമ്പാകെ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

    നിലവില്‍ തിരുവനന്തപുരം എംപിയായ ശശി തരൂര്‍ കേസില്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഇദ്ദേഹത്തിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 498എ (ഭര്‍ത്താവോ ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു), 306 (ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലിസ് കേസെടുത്തത്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് സുനന്ദ ഏറെ അസ്വസ്ഥയായിരുന്നു. അവര്‍ കടുത്ത മാനസിക വ്യഥ അനുഭവിച്ചിരുന്നതായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധവും മാനസികാസ്വസ്ഥതയ്ക്കു കാരണമായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം മോശമായിരുന്നുവെന്ന് സുനന്ദ പുഷ്‌കറുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിങ് മൊഴി നല്‍കിയിട്ടുണ്ടെന്ന കുറ്റപത്രത്തിലെ ഭാഗവും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. സുനന്ദ പുഷ്‌കര്‍ കരയുകയും വേദനിക്കുകയും ചെയ്യുന്നുവെന്ന് ബോധ്യപ്പെടുന്ന വിധത്തില്‍ ഒരു ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. മെഹര്‍ തരാര്‍ ആരുമല്ലെന്നും സുനന്ദയാണ് എല്ലാമെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരോടും പ്രതികാരം ചെയ്യണമെന്ന് അവള്‍ക്കുണ്ടായിരുന്നു. മാധ്യമങ്ങളില്‍ വിവിധ തരത്തില്‍ പ്രചാരണങ്ങളുണ്ടായി. ഐപിഎല്‍ വിഷയത്തിലൊക്കെ തരൂറിനെ ഒരുപാട് താന്‍ സഹായിച്ചിരുന്നുവെന്ന് സുനന്ദ പറഞ്ഞിരുന്നു. തരൂറും മെഹര്‍ തരാറും തമ്മിലുള്ള ചില സന്ദേശങ്ങള്‍ സുനന്ദ കണ്ടിരുന്നു. ഇതോടെ വീട്ടില്‍ പോവാന്‍ അവര്‍ വിസമ്മതിച്ചു. പകരം ലീല ഹോട്ടലില്‍ പോവുകയായിരുന്നു. ദമ്പതികള്‍ തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    'എന്റെ പ്രിയപ്പെട്ടവള്‍' എന്ന് അഭിസംബോധന ചെയ്ത് തരൂര്‍ മെഹര്‍ തരാറിനു എഴുതിയ ഇ-മെയില്‍ കണ്ടെത്തിയതായും പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇത്തരത്തിലുള്ള ഭാഷയാണ് ഉപയോഗിച്ചിരുന്നത്. തരൂറും തരാറും തമ്മില്‍ എത്ര അടുപ്പമുള്ളവരായിരുന്നുവെന്ന് കാണിക്കുന്ന വാകക്കുകളാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍, അത്തരം ഇ-മെയില്‍ സന്ദേശങ്ങളെ കുറിച്ച് അറിയില്ലെന്ന് ശശി തരൂരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്‌വ പറഞ്ഞു. കേസില്‍ അടുത്ത വാദം ആഗസ്ത് 31നു കേള്‍ക്കും.





Tags:    

Similar News