സുനന്ദ പുഷ്‌കറിന്റെ ട്വിറ്റര്‍ അക്കൗണ്ട് സംരക്ഷിക്കണമെന്ന് തരൂരിന്റെ ഹരജി: മറുപടി നല്‍കാന്‍ ഡല്‍ഹി പോലിസിനോട് കോടതി
ഡല്‍ഹി അഡി. സെഷന്‍സ് ജഡ്ജി അജയ് കുമാര്‍ കുഹാര്‍ ആണ് മാര്‍ച്ച് 20നു മുമ്പ് തരൂരിന്റെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ പോലിസിനോട് ആവശ്യപ്പെട്ടത്.
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ട്വിറ്റര്‍ അക്കൗണ്ട് സംരക്ഷിക്കണമെന്ന ഭര്‍ത്താവ് ശശി തരൂരിന്റെ അപേക്ഷയില്‍ കോടതി ഡല്‍ഹി പോലിസിന് കത്തയച്ചു. മാര്‍ച്ച് 20 നു മുമ്പ് തരൂരിന്റെ അപേക്ഷയില്‍ മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ഡല്‍ഹി അഡി. സെഷന്‍സ് ജഡ്ജി അജയ് കുമാര്‍ കുഹാര്‍ ആണ് മാര്‍ച്ച് 20നു മുമ്പ് തരൂരിന്റെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ പോലിസിനോട് ആവശ്യപ്പെട്ടത്.
2014 ജനുവരിക്കു ശേഷം സുനന്ദ പുഷ്‌കറിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിശ്ചലമാണ്. ഡല്‍ഹിയിലെ ഒരു ആഢംബര ഹോട്ടലില്‍ 2014 ജനുവരി 17ന് അവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍സ വികാസ് പഹ്‌വയാണ് തരൂരിനു വേണ്ടി ഹാജരായത്. ഒരാള്‍ മരണപ്പെട്ടാല്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്നാണ് തരൂര്‍ പറയുന്നത്. അക്കൗണ്ട് വിവരങ്ങള്‍ നശിപ്പിക്കരുതെന്ന് ട്വിറ്ററിനെ എഴുതി അറിയിക്കണമെന്നാണ് തരൂരിന്റെ ആവശ്യം. പോലിസ് തന്റെ കേസില്‍ ചില ട്വിറ്റര്‍ കമന്റുകള്‍ ബോധപൂര്‍വം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും താനുമായ വിവാഹബന്ധത്തില്‍ സുനന്ദ പുഷ്‌കര്‍ ഏറെ സന്തോഷവതിയായിരുന്നുവെന്നുമാണ് തരൂര്‍ പറയുന്നത്. അതിനുള്ള നിരവധി തെളിവുകള്‍ ട്വിറ്റര്‍ അക്കൗണ്ടിലുണ്ട്. അത് നശിപ്പിക്കപ്പെട്ടാല്‍ തനിക്കനുകൂലമായ നിരവധി തെളിവുകളും ഇല്ലാതാക്കപ്പെടുമെന്ന് തരൂര്‍ വാദിക്കുന്നു.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ ഭാര്യ സുനന്ദയുടെ മരണത്തില്‍ പോലിസ് പ്രതി ചേര്‍ത്തിരുന്നു. തരൂരുമായുള്ള ദാമ്പത്യകലഹമാണ് സുനന്ദയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പോലിസ് ആരോപിക്കുന്നത്. ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് പോലിസ് കേസെടുത്തത്.