കെ റെയില്‍: എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ ശശി തരൂരിന്റെ നടപടി പാര്‍ട്ടി പരിശോധിക്കുമെന്ന് വിഡി സതീശന്‍

പദ്ധതിക്ക് താന്‍ എതിരാണെന്നും എന്നാല്‍ ധൃതിപിടിച്ച് എടുത്തു ചാടേണ്ടതില്ലെന്ന് നിലപാടാണ് തനിക്കുള്ളതെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

Update: 2021-12-16 05:57 GMT

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വയ്ക്കാത്ത ശശി തരൂര്‍ എംപിയുടെ നടപടി പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് അനാവശ്യ ധൃതിയാണ്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം പഠിച്ചിട്ടില്ല. പദ്ധതിയുടെ മറവില്‍ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പിന്നാലെയായിരുന്നു ശശി തരൂര്‍ എംപി വിഷയത്തില്‍ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് വിഡി സതീശന്റെ പ്രതികരണം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

കെ റെയില്‍ പദ്ധതി പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ യുഡിഎഫ് ചൂണ്ടിക്കാട്ടിയത്. യുഡിഎഫിന്റെ കേരളത്തില്‍ നിന്നുള്ള പതിനെട്ട് എംപിമാര്‍ മാത്രമാണ് നിവേദനത്തില്‍ ഒപ്പുവച്ചത്. പുതുച്ചേരി എംപിയും നിവേദനത്തില്‍ ഒപ്പിട്ടു. പദ്ധതി നടപ്പാക്കരുതെന്നാണ് യുഡിഎഫ് എംപിമാരുടെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പദ്ധതിക്ക് താന്‍ എതിരാണെന്നും എന്നാല്‍ ധൃതിപിടിച്ച് എടുത്തു ചാടേണ്ടതില്ലെന്ന് നിലപാടാണ് തനിക്കുള്ളതെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News