മുഖ്യമന്ത്രി പദവി: തരൂരിന്റെ പ്രസ്താവനയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം; മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കിയിട്ടില്ലെന്ന് ചെന്നിത്തലയ്ക്ക് തരൂരിന്റെ മറുപടി

Update: 2023-01-14 07:48 GMT

കോഴിക്കോട്: സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും മുഖ്യമന്ത്രി പദവി സംബന്ധിച്ചുമുള്ള ശശി തരൂരിന്റെ തുടര്‍ച്ചയായ പരസ്യപ്രതികരണങ്ങള്‍ക്കെതിരേ കോണ്‍ഗ്രസില്‍ പുതിയ കലാപം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിച്ചതുമായി ബന്ധപ്പെട്ട് തരൂരിനെതിരേ കോണ്‍ഗ്രസിലെ ഒരുവിഭാഗം ഉയര്‍ത്തിയ അമര്‍ഷം കെട്ടടങ്ങും മുമ്പാണ് മുഖ്യന്ത്രി പദവിയുമായു സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്. നിയമസഭയിലേക്ക് മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രത് നേതാക്കളെ ചൊടിപ്പിച്ചത്.

തിരുവനന്തപുരത്ത് നടന്ന കെ കരുണാകരന്‍ സെന്റര്‍ നിര്‍മാണപ്രവര്‍ത്തനോദ്ഘാടന ചടങ്ങിലാണ് തരൂരിനെതിരേ നേതാക്കള്‍ പരോക്ഷ വിമര്‍ശനങ്ങള്‍ തുടങ്ങിവച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അച്ചടക്ക നടപടി ഓര്‍മിപ്പിച്ചപ്പോള്‍, മുഖ്യമന്ത്രി കസേരയിലേക്ക് തയ്പ്പിച്ചുവച്ച കോട്ട് ഊരിവയ്ക്കാനായിരുന്നു ചെന്നിത്തലയുടെ മുന്നറിയിപ്പ്. ഗ്രൂപ്പിസമല്ല അവനവനിസമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറഞ്ഞ് എം എം ഹസ്സനും തരൂനിട്ട് കൊട്ടി. തരൂരിന്റെ പേരെടുത്ത് പറയാതെയായിരുന്നു നേതാക്കളുടെ വിമര്‍ശനങ്ങള്‍.കെ മുരളീധരനും വി ഡി സതീശനും ഉള്‍പ്പെടെയുള്ള നേതാക്കളും തരൂരിനെതിരേ രംഗത്തുവന്നിരുന്നു.

എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്ക്, പ്രത്യേകിച്ച് ചെന്നിത്തല നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി തരൂര്‍ വീണ്ടും രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വച്ചിട്ടില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ. നമ്മുടെ മുഖ്യമന്ത്രിമാര്‍ സാധാരണയായി കോട്ട് ഇടാറില്ല. പിന്നെ എവിടെനിന്നാണ് ഈ കോട്ട് വന്നിരിക്കുന്നത്. ആര് പറഞ്ഞോ അവരോട് ചോദിക്കണം. ഇതൊക്കെ പറയുന്നത് ആരാണെന്ന് തനിക്കറിയണം. ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്നും ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ തരൂര്‍ തിരിച്ചടിച്ചു.

കേരളത്തില്‍ കൂടുതല്‍ ക്ഷണം കിട്ടുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തെ പോലെ ക്ഷണം ലഭിക്കുമ്പോള്‍ അതില്‍നിന്നും തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പോയി പ്രസംഗിക്കും. നാട്ടുകാര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നു. താന്‍ പരിപാടികളില്‍ പങ്കെടുക്കുന്നു- തരൂര്‍ പറഞ്ഞു. താങ്കളെ ലക്ഷ്യംവച്ച് ആരെങ്കിലും നീങ്ങുന്നുണ്ടോ എന്ന് മാധ്യങ്ങള്‍ ചോദിച്ചപ്പോള്‍ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു. നാലുവര്‍ഷത്തിന് ശേഷം എന്താവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവച്ചേക്കുമെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം.

മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ തരൂര്‍ തന്റെ വാക്കുകള്‍ മയപ്പെടുത്തിയിരുന്നു. എന്നാല്‍, ചെന്നിത്തല നടത്തിയ പരാമര്‍ശത്തിന് ഇന്ന് വീണ്ടും തിരിച്ചടിച്ചിരിക്കുകയാണ് തരൂര്‍. അതേസമയം, തരൂരിനെ തള്ളാനും കൊള്ളാനുമാവാത്ത അവസ്ഥയിലാണ് എഐസിസി നേതൃത്വം.

കടുത്ത നടപടിയിലേക്ക് നീങ്ങിയാല്‍ ജനവികാരമെതിരാവുമെന്ന് ആശങ്കയും പാര്‍ട്ടി തലപ്പത്തുണ്ട്. എന്നാല്‍, കേരളത്തിലെ നേതാക്കളുടെ പരാതി അറിയിക്കും. പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ ഉള്‍പ്പെടുത്തുന്നതിലും വിരുദ്ധാഭിപ്രായം നിലനില്‍ക്കുകയാണ്. ഭാരത് ജോഡോ യാത്രക്ക് ശേഷമാവും തരൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുക. സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തെതിരേ ഒറ്റക്കെട്ടായി നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് നിലപാടില്‍ നിന്ന് തരൂര്‍ പിന്നോട്ടുപോയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നതില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കുന്നതെന്നുമാണ് തരൂര്‍ വിശദീകരിച്ചത്.

Tags:    

Similar News