ശശി തരൂർ ഗസ്റ്റ് ആര്‍ട്ടിസ്റ്റ്; രാഷ്ട്രീയക്കാരൻ്റെ പക്വത ഇല്ലെന്നും കൊടിക്കുന്നില്‍ സുരേഷ്
തരൂർ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
ശശി തരൂർ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്ന പരിഹാസവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കോൺഗ്രസിലേക്ക് ഗസ്റ്റ് ആര്‍ട്ടിസ്റ്റായി വന്ന തരൂർ ഇപ്പോഴും ഗസ്റ്റ് ആര്‍ട്ടിസ്റ്റായി തുടരുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി. തരൂർ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. പാർട്ടി അതിർ വരമ്പുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ ശശി തരൂരിന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലാത്തത് കൊണ്ടാണ് എല്ലാത്തിലും അദ്ദേഹം എടുത്തുചാട്ടം കാണിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ശശി തരൂരിന് രാഷ്ട്രീയക്കാരൻ്റെ പക്വത ഇല്ലെന്നും രാഷ്ട്രീയക്കാരനല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. വിശ്വപൗരനായത് കൊണ്ട് തരൂരിന് എന്തും പറയാമെന്ന് കരുതേണ്ട. പാർട്ടിക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.
നേതൃമാറ്റവുമായി ബന്ധപെട്ട് സോണിയ ഗാന്ധിയ്ക്ക് കത്തെഴുതിയവരിൽ ശശി തരൂരും ഉൾപ്പെട്ടിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ 23 പേര്‍ ഒപ്പിട്ട് പാര്‍ട്ടിയില്‍ സമൂല മാറ്റം ആവശ്യപ്പെട്ടുള്ള കത്ത് പാർട്ടിക്കുള്ളിൽ അസ്വസ്ഥയ്ക്ക് കാരണമായിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി കടുത്ത ഭാഷയിൽ വിമത സംഘത്തിനെതിരെ പ്രതികരിച്ചിരുന്നു.