കൊവിഡ് 19: പ്രവാസികളുടെ മടങ്ങിവരവിന് നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

പാകിസ്താന്‍ ഉള്‍പ്പെടെ മറ്റു പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഗള്‍ഫ് നാടുകളില്‍ നിന്ന് തിരികെ കൊണ്ടു വരുന്ന നടപടി ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു കാലതാമസവും കാണിക്കാന്‍ പാടില്ല. കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

Update: 2020-04-16 12:01 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള ഗള്‍ഫ് പ്രവാസികള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.

പാകിസ്താന്‍ ഉള്‍പ്പെടെ മറ്റു പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഗള്‍ഫ് നാടുകളില്‍ നിന്ന് തിരികെ കൊണ്ടു വരുന്ന നടപടി ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും ഈ വിഷയത്തില്‍ യാതൊരു കാലതാമസവും കാണിക്കാന്‍ പാടില്ല. പ്രവാസികളുടെ ആരോഗ്യത്തെയും അവരുടെ സുരക്ഷയുടെയും പരിപൂര്‍ണ ബാധ്യത കേന്ദ്രസര്‍ക്കാരിന് ഉണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരില്‍ ബഹു ഭൂരിപക്ഷവും മലയാളികള്‍ ആണെന്നിരിക്കെ കേരള സംസ്ഥാനം ഈ വിഷയത്തില്‍ വളരെയധികം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. കേരളത്തിന്ി അര്‍ഹിക്കുന്ന സഹായം അടിയന്തരമായി നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഓര്‍മിപ്പിച്ചു.

ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴിലന്വേഷിച്ച് ചെന്നവര്‍, വിസയുടെ കാലാവധി തീര്‍ന്നവര്‍ എന്നിവര്‍ക്ക് പരിഗണന നല്‍കണമെന്നും ഗള്‍ഫ് നാടുകളില്‍ തൊഴില്‍ ചെയ്തുകൊണ്ടിരുന്ന പ്രവാസികള്‍ക്ക് അവര്‍ നാട്ടിലുള്ള കാലയളവില്‍ ശമ്പള നഷ്ടം ഉണ്ടാകുന്നതിനാല്‍ അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കുവാനും അവരുടെ കുടുംബങ്ങള്‍ പട്ടിണി ആകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളെ സഹായിക്കാനായി സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും ഒരു പ്രത്യേക 'പ്രവാസി അതിജീവന പാക്കേജ് ' കേന്ദ്ര സര്‍ക്കാരിനോട് അനുവദിക്കാന്‍ ആവശ്യപ്പെടണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.  

Tags:    

Similar News