ഹിമാചലില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 41 ശതമാനവും ക്രിമിനല്‍ കേസ് പ്രതികള്‍

Update: 2022-12-10 16:03 GMT

ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് രേഖകള്‍. 14ാം വിധാന്‍സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 41 ശതമാനം പേരും വിവിധ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. 18 ശതമാനം എംഎല്‍എമാര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളിലാണ് പ്രതികളായിട്ടുള്ളത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, ഹിമാചല്‍ പ്രദേശ് ഇലക്ഷന്‍ വാച്ച് തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠനത്തിനാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

68 അംഗ ഹിമാചല്‍ 14ാം വിധാന്‍സഭയിലേക്ക് 40 കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയുടെ 25 എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുമാണ് ജയിച്ചുവന്നത്. അവരില്‍ ഭൂരിഭാഗവും മുന്‍ നിയമസഭയിലെ നിയമസഭാംഗങ്ങളേക്കാള്‍ പ്രായം കുറഞ്ഞവരും ധനികരും യോഗ്യതയുള്ളവരുമാണ്. ക്രിമിനല്‍ കേസുള്ളവരില്‍ കൂടുതലും കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ്. 40 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 23 പേരാണ് ക്രിമിനല്‍ കേസിലെ പ്രതികളായിട്ടുള്ളത്. 25 ബിജെപി എംഎല്‍എമാരില്‍ അഞ്ചുപേരും ക്രിമിനല്‍ കേസ് നേരിടുന്നവരാണ്. 2017ല്‍ 76 ശതമാനമായിരുന്ന കോടീശ്വര എംഎല്‍എമാരുടെ എണ്ണം ഇത്തവണ 93 ശതമാനമായി ഉയര്‍ന്നു.

കണക്കുകള്‍ പ്രകാരം 95 ശതമാനം കോണ്‍ഗ്രസ് എംഎല്‍എമാരും 88 ശതമാനം ബിജെപി എംഎല്‍എമാരും കോടിപതികളാണ്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരും കോടിപതികളില്‍പ്പെടുന്നു. രണ്ട് എംഎല്‍എമാര്‍ക്ക് ഡോക്ടറേറ്റ് ബിരുദവും 15 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 16 ബിരുദധാരികളും ഏഴ് പേര്‍ 12ാം ക്ലാസ് പാസായവരും ഒമ്പത് പേര്‍ 10ാം ക്ലാസ് പാസായവരുമാണ്. സിര്‍മൗറിലെ പച്ചാഡില്‍ നിന്നുള്ള ഏക വനിതാ എംഎല്‍എ റീന കശ്യപ് രണ്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

നിയമസഭയിലെ എംഎല്‍എമാരുടെ ആസ്തിയുടെ ശരാശരി മൂല്യം 2017ല്‍ 8.88 കോടിയായിരുന്നത് ഇത്തവണ 13.26 കോടിയായി ഉയര്‍ന്നു. കൂടാതെ 34 എംഎല്‍എമാര്‍ക്ക് അഞ്ചുകോടിയിലധികം ആസ്തിയുണ്ട്. 23 എംഎല്‍എമാര്‍ക്ക് രണ്ട് കോടി മുതല്‍ അഞ്ച് കോടി രൂപ വരെ ആസ്തിയുണ്ട്. ഒമ്പത് എംഎല്‍എമാര്‍ക്ക് രണ്ട് കോടി മുതല്‍ 50 ലക്ഷം രൂപ വരെ ആസ്തിയുണ്ട്. രണ്ട് എംഎല്‍എമാര്‍ക്ക് മാത്രമാണ് 50 ലക്ഷം രൂപയില്‍ താഴെ ആസ്തിയുള്ളത്. 40 കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആകെ ആസ്തി 14.25 കോടി രൂപയും ബിജെപിയുടെ 25 പേര്‍ക്ക് 12.42 കോടി രൂപയുമാണ്.

മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ക്കും 7.09 കോടി രൂപയുടെ ആസ്തിയുണ്ട്. ചോപ്പാലില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ബല്‍ബീര്‍ വര്‍മയാണ് ഏറ്റവും സമ്പന്നന്‍. കുളുവിലെ ആനിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ലോകേന്ദര്‍ കുമാറിന്റേതാണ് ഏറ്റവും കുറഞ്ഞ ആസ്തി- 29 ലക്ഷം രൂപ. 28 എംഎല്‍എമാര്‍ 50 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. 20 പേര്‍ക്ക് 40 നും 50 നും ഇടയ്ക്കാണ് പ്രായം. എട്ട് എംഎല്‍എമാര്‍ വീതവും 60 നും 70 നും 30 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള എംഎല്‍എമാരുടെ എണ്ണം എട്ട് വീതമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News