ഗുലാം നബി ആസാദിനു പിന്നാലെ 42 നേതാക്കള്‍ കൂടി കോണ്‍ഗ്രസ് വിട്ടു

42 നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടതോടെ രാജിവച്ചവരുടെ എണ്ണം നൂറു കടന്നു

Update: 2022-08-31 08:59 GMT
ന്യൂഡല്‍ഹി:ഗുലാം നബി ആസാദിനു പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു.ഇന്നലെ 65 പേരാണ് ഗുലാം നബിക്ക് പിന്തുണയുമായി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. 42 നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടതോടെ രാജിവച്ചവരുടെ എണ്ണം നൂറു കടന്നു.

73വയസ്സുള്ള ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിയെ പൂര്‍ണമായും നശിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.ജമ്മു കശ്മീര്‍ ആസ്ഥാനമാക്കി ഒരു പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.ഗുലാംനബി ആസാദ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേരുമെന്ന് രാജി വച്ച നേതാക്കള്‍ പറഞ്ഞു.ഡസന്‍കണക്കിന് നേതാക്കള്‍, മുന്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്ഥാനപങ്ങളിലെ അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ജില്ലാ ബ്ലോക്ക്തല നേതാക്കള്‍ എന്നിവരും ആസാദിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താര ചന്ദും ഇക്കൂട്ടത്തിലുണ്ട്.

ജമ്മുകശ്മീരില്‍ 90 സീറ്റുകളില്‍ തന്റെ പാര്‍ട്ടി മല്‍രിക്കുമെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചാണ് ഗുലാംനബി പാര്‍ട്ടി വിട്ടത്.രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്നും പാര്‍ട്ടിയിലെ എല്ലാ ജനാധിപത്യസംവിധാനവും തകര്‍ത്തെറിഞ്ഞെന്നും ഗുലാംനഹി ആസാദ് ആരോപിച്ചിരുന്നു.രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശത്തോടെയാണ് കോണ്‍ഗ്രസ് സമ്പൂണമായി തകര്‍ന്നതെന്നും ഗുലാംനബി ആരോപിച്ചിരുന്നു.

പാര്‍ട്ടി രൂപീകരിക്കുന്നത് വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം. ഇതിനു മുന്നോടിയായി ജമ്മുവില്‍ സെപ്റ്റംബര്‍ നാലിന് നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് വിട്ട ശേഷം ഗുലാംനബി നടത്തുന്ന ആദ്യ പൊതുപരിപാടി കൂടിയാണിത്. റാലിയില്‍ വച്ച് പുതിയ പാര്‍ട്ടിയെ കുറിച്ച് ഗുലാംനബി പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.


Tags:    

Similar News