മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ കൂടുന്നു; ഇതുവരെ റിപോര്‍ട്ട് ചെയ്തത് 45 ഡെല്‍റ്റ പ്ലസ് കേസുകള്‍
മുംബൈ: ഒരിടവേളയ്ക്കുശേഷം മഹാരാഷ്ട്രയിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ്സിന്റെ സാന്നിധ്യമാണ് ആശങ്ക ഉയര്‍ത്തുന്നത്. കൊവിഡ് രണ്ടാം തരംഗം ആദ്യം രൂക്ഷമായി ബാധിക്കുകയും പിന്നീട് കേസുകള്‍ കുറയുകയും ചെയ്തതോടെ ആശ്വാസത്തിലായിരുന്നു സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. എന്നാല്‍, ഡെല്‍റ്റ പ്ലസ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്നതോടെ രോഗികളുടെ എണ്ണത്തിലും അതിവേഗം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആഗസ്ത് 8 വരെ മഹാരാഷ്ട്രയില്‍ ആകെ 45 ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ജല്‍ഗാവ് ജില്ലയില്‍ 13 കേസുകളും രത്‌നഗിരി ജില്ലയില്‍ 11 കേസുകളും മുംബൈയില്‍ 6 കേസുകളും താനെയില്‍ 5 കേസുകളും പുണെയില്‍ 3 കേസുകളുമാണ് രേഖപ്പെടുത്തിയത്. 'ജീനോം സീക്വന്‍സിംഗിനായി അയച്ച സാംപിളുകളില്‍ 80 ശതമാനവും ഡെല്‍റ്റ പ്ലസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു- വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ ആഗസ്ത് 15 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരിക്കെയാണ് കൊവിഡിന്റെ പുതിയ വകഭേദവും വ്യാപിക്കുന്നുവെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നത്. പൊതുജനങ്ങളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി, കൊവിഡ് ഇപ്പോഴും ഇവിടെയുണ്ടെന്ന് ഓര്‍മപ്പെടുത്തി.
ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങള്‍ കടന്നുപോയി. പക്ഷേ, ഉല്‍സവങ്ങള്‍ നമ്മുടെ മുന്നിലാണ്. എല്ലാവരും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം. വൈറസ് നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും ഡെല്‍റ്റ വകഭേദം അതിവേഗം പടരുകയാണ്. മുംബൈയില്‍ ജീനോം സീക്വന്‍സിങ് ലാബുകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനമുള്ള പൂനെ, അഹമ്മദ് നഗര്‍, സോലാപൂര്‍, സാംഗ്ലി, സത്താര, സിന്ധുദര്‍ഗ്, രത്‌നഗിരി ഈ ജില്ലകള്‍ ഇപ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ജില്ലകളില്‍ ഭരണാധികാരികളുടെ ഉത്തരവാദിത്തം വര്‍ധിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ 5,508 പുതിയ വൈറസ് കേസുകളും 151 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 63,53,328 ആയും മരണസംഖ്യ 13,39,96 ആയും ഉയര്‍ന്നു. 4,895 രോഗികളെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 61,44,388 ആയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 71,510 സജീവ കൊവിഡ് കേസുകളാണുള്ളത്. 4,22,996 പേര്‍ ഹോം ക്വാറന്റൈനിലും 2,749 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലുമാണ്. സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക് 96.71 ശതമാനവും മരണനിരക്ക് 2.1 ശതമാനവുമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.