ബാബരി വിധിക്കെതിരേ 48 സാമൂഹികപ്രവര്‍ത്തകര്‍ സുപ്രിംകോടതിയിലേക്ക്

പ്രമുഖ സാമ്പത്തിക വിദഗ്ധനായ പ്രഭാത് പട്‌നായിക്, ആക്റ്റിവിസ്റ്റും മുന്‍ ഐഎഎസ് ഓഫിസറുമായ ഹര്‍ഷ് മന്ദര്‍, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, എഴുത്തുകാരന്‍ ഫറാ നഖ് വി, സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദര്‍, ആക്റ്റിവിസ്റ്റ് ശബ്‌നം ഹാഷ്മി, കവിയും ശാസ്ത്രജ്ഞനുമായ ഗൗഹര്‍ റാസ, എഴുത്തുകാരി നടാഷ ബദ്വാര്‍, ആക്റ്റിവിസ്റ്റ് ആകാര്‍ പാട്ടീല്‍, സാമ്പത്തിക വിദഗ്ധന്‍ ജയതി ഘോഷ്, ചരിത്രകാരി തനിക സര്‍ക്കാര്‍, ആംആദ്മി പാര്‍ട്ടി മുന്‍ അംഗവും റിട്ട. ഉദ്യോഗസ്ഥനുമായ മധു ഭദുരി തുടങ്ങിയവരാണ് സുപ്രിംകോടതി വിധിക്കെതിരേ കോടതിയെ സമീപിക്കുക.

Update: 2019-12-06 19:45 GMT

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്കക്കേസിലെ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കെതിരേ 48 സാമൂഹിക-സംസ്‌കാരിക പ്രവര്‍ത്തകര്‍ സുപ്രിംകോടതിയെ സമീപിക്കുന്നു. പ്രമുഖ സാമ്പത്തിക വിദഗ്ധനായ പ്രഭാത് പട്‌നായികിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെടുന്നവരാണ് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാനൊരുങ്ങുന്നത്. ഡിസംബര്‍ ഒമ്പതിനുള്ളില്‍ ഹരജി ഫയല്‍ ചെയ്യുമെന്ന് ആക്റ്റിവിസ്റ്റും മുന്‍ ഐഎഎസ് ഓഫിസറും പരാതിക്കാരിലൊരാളുമായ ഹര്‍ഷ് മന്ദര്‍ പറഞ്ഞതായി ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, എഴുത്തുകാരന്‍ ഫറാ നഖ് വി, സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദര്‍, ആക്റ്റിവിസ്റ്റ് ശബ്‌നം ഹാഷ്മി, കവിയും ശാസ്ത്രജ്ഞനുമായ ഗൗഹര്‍ റാസ, എഴുത്തുകാരി നടാഷ ബദ്വാര്‍, ആക്റ്റിവിസ്റ്റ് ആകാര്‍ പാട്ടീല്‍, സാമ്പത്തിക വിദഗ്ധന്‍ ജയതി ഘോഷ്, ചരിത്രകാരി തനിക സര്‍ക്കാര്‍, ആംആദ്മി പാര്‍ട്ടി മുന്‍ അംഗവും റിട്ട. ഉദ്യോഗസ്ഥനുമായ മധു ഭദുരി തുടങ്ങിയവരാണ് സുപ്രിംകോടതി വിധിക്കെതിരേ കോടതിയെ സമീപിക്കുക. ഇന്ത്യയിലെ ഹിന്ദുക്കളും മുസ് ലിംകളും തമ്മിലുള്ള തര്‍ക്കമായിട്ടാണ് ബാബരി മസ്ജിദ് കേസ് പരിഗണിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

    ഹിന്ദുത്വ സംഘടനയും ആര്‍എസ്എസുമായി അടുപ്പവുമുള്ള വിശ്വ ഹിന്ദു പരിഷത്ത് ഹിന്ദുക്കളെ വലിയ തോതില്‍ പ്രതിനിധീകരിക്കുന്നില്ല, അതുപോലെ തന്നെ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ ബോര്‍ഡ് ഇന്ത്യയിലെ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടും. സ്വത്തിന്റെ ഉടമസ്ഥാവകാശത്തിനും കൈവശാവകാശത്തിനുമുള്ള ഒരു ടൈറ്റില്‍ സ്യൂട്ടില്‍ നിന്ന് ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും വിശ്വാസത്തെക്കുറിച്ചുള്ള സംവാദത്തിലേക്കാണ് സുപ്രിം കോടതി വിഷയത്തെ എത്തിച്ചത്. എന്നാല്‍ കേസില്‍ അപേക്ഷകര്‍ക്കപ്പുറം ഹിന്ദുക്കളെയും മുസ് ലിംകളെയും കേട്ടിട്ടില്ല. അതുവഴി വിഷയത്തില്‍ കോടതിയെ സമീപിക്കാനുള്ള അവകാശം ഓരോ ഇന്ത്യക്കാരനും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കും തെളിവുകളുടെ വ്യത്യസ്ത മാനദണ്ഡങ്ങള്‍ തെറ്റായി സുപ്രിംകോടതി ഉപയോഗിച്ചതായും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

    ഭാവിയില്‍ ഇന്ത്യ ഏതുതരം രാജ്യമാണെന്നും എങ്ങനെയായിരിക്കുമെന്നും, അത് ആരുടേതാണെന്നും, വ്യത്യസ്ത സ്വത്വങ്ങളും വിശ്വാസങ്ങളുമുള്ളവര്‍ ഒരുമിച്ച് ജീവിക്കേണ്ടത് എങ്ങനെയാണെന്നതു സംബന്ധിച്ചുമുള്ള തര്‍ക്കമാണ് യഥാര്‍ത്ഥത്തില്‍ ബാബരി കേസെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ പരാതി സുപ്രിംകോടതി ഫുള്‍ബെഞ്ചിലാണു സമര്‍പ്പിക്കുകയെന്നും ഹര്‍ഷ് മന്ദര്‍ പറഞ്ഞു.




Tags:    

Similar News