തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് റിമാന്‍ഡിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ജയിലില്‍ തുടരും. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ജാമ്യം അനുവദിച്ചു. കഴിഞ്ഞ 14 ദിവസമായി ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരെ മോചിപ്പിക്കാനുള്ള അനുമതിയാണ് കോടതി നല്‍കിയത്.
പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടര്‍ന്നാണ് ജാമ്യം. പി കെ ഫിറോസ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ലെന്നാണ് വിവരം. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ജനുവരി 17ന് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായിരുന്നു. ഇതെത്തുടര്‍ന്നാണ് പോലിസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗത തടസ്സമുണ്ടാക്കി, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഫിറോസിനെയും സംഘത്തെയും പോലിസ് കസ്റ്റഡിയിലെടുത്തത്.