ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; സായുധസംഘം ഒരാളെ ബന്ദിയാക്കി
പ്രദേശത്തെ വീട്ടില്‍ കയറിയ സായുധസംഘം ഗൃഹനാഥനെ ബന്ദിയാക്കിയതായി ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു. രാവിലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍. ഗന്ദര്‍ബലില്‍ സായുധ സംഘത്തില്‍പെട്ട ഒരാള്‍ കൊല്ലപ്പെട്ടു. രംബാന്‍ ജില്ലയിലെ ബടോടില്‍ ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ സായുധാസംഘം യാത്രാ ബസ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തെ വീട്ടില്‍ കയറിയ സായുധസംഘം ഗൃഹനാഥനെ ബന്ദിയാക്കിയതായി ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു. രാവിലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
അതിനിടെ, അതിര്‍ത്തിക്കടുത്ത് ഗന്ദര്‍ബലില്‍ വന്‍ ആയുധ ശേഖരം കണ്ടെടുത്തതായി നോര്‍ത്തേണ്‍ കമാന്‍ഡ് അവകാശപ്പെട്ടു.അതിനിടെ ശ്രീനഗറില്‍ ജനവാസ മേഖലയില്‍ ഗ്രനേഡ് ആക്രമണം ഉണ്ടായതായി റിപോര്‍ട്ടുണ്ട്. സിആര്‍പിഎഫുകാരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ആര്‍ക്കും പരിക്കില്ല.
സൈനിക വേഷത്തിലെത്തിയവരാണ് ബടോടില്‍ ബസ് തടഞ്ഞു നിര്‍ത്തിയത്. ഇതേത്തുടര്‍ന്ന് ഈ മേഖല സംയുക്ത സേന വളഞ്ഞിരിക്കുകയാണ്. രണ്ടിടത്ത് സ്‌ഫോടനങ്ങള്‍ നടന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.