ക്രമസമാധാനം തകര്‍ന്ന് ഉത്തര്‍പ്രദേശ്; വെടിയേറ്റ് മരിച്ചത് നാല് രാഷ്ട്രീയ പ്രവര്‍ത്തകര്‍

ദിവസങ്ങള്‍ക്കുള്ളില്‍ നാല് പേര്‍ വെടിയേറ്റും ഒരാള്‍ ആക്രമണത്തിലും കൊല്ലപ്പെട്ടു. എസ്പി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ബിജെപി, ബിസ്പി പാര്‍ട്ടി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.

Update: 2019-06-04 03:56 GMT

ലക്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നാല് പേര്‍ വെടിയേറ്റും ഒരാള്‍ ആക്രമണത്തിലും കൊല്ലപ്പെട്ടു. എസ്പി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ബിജെപി, ബിസ്പി പാര്‍ട്ടി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.

എസ്പി നേതാക്കള്‍ ഒന്നിന് പുറകെ ഒന്നായി കൊല്ലപ്പെടുകയാണെന്നും അന്വേഷണത്തില്‍ പോലിസ് ബിജെപിയെ സഹായിക്കുകയാണെന്നും സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി ആരോപിച്ചു.

മെയ് 25ന് സമൃതി ഇറാനിയുടെ അനുയായി സുരേന്ദ്ര സിങ് കൊല്ലപ്പെട്ടതോടെയാണ് കൊലപാതകങ്ങള്‍ക്ക് തുടക്കമായത്. അമേത്തിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി പങ്കെടുത്തയാളാണ് സുരേന്ദ്ര സിങ്. ബറോളിയ ഗ്രാമത്തിലെ തന്റെ വീടിന് പുറത്ത് കിടന്നുറങ്ങവെയാണ് സുരേന്ദ്രയെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

മെയ് 24ന് എസ്പി പ്രവര്‍ത്തകനും ജില്ലാ പഞ്ചായത്ത് അംഗവുമായ വിജയ് യാദവ് എന്ന പപ്പുവും തന്റെ വീടിന് പുറത്ത് വച്ച് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടിയിട്ടില്ല.

മെയ് 30ന് എസ്പിയുടെ പ്രാദേശിക നേതാവ് ലാല്‍ജി യാദവിനെ ഉദാലി ഗ്രാമത്തില്‍ വച്ച് സംഘം ചേര്‍ന്ന് കൊല്ലപ്പെടുത്തി. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും എന്നാല്‍ ഉടന്‍തന്നെ കണ്ടെത്തുമെന്നും സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് യാദവ് അറിയിച്ചു. മെയ് 31ന് എസ്പിയുടെ രാംതെക് കട്ടാരിയ ജര്‍ച്ചാ റോഡില്‍ തന്റെ കാറിനുള്ളില്‍ അപരിചിതനാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ബിജെപി ഓഫിസ് ഭാരവാഹി ഉള്‍പ്പെടെ ആറു പേരാണ് കേസിലെ പ്രതികള്‍.

മെയ് 28ന് ബിഎസ്പി നേതാവ് ഹാജി എഹ്‌സാന്‍ അഹ്മദും അദ്ദേഹത്തിന്റെ മരുമകന്‍ ഷദാബും തങ്ങളുടെ റിയല്‍ എസ്‌റ്റേറ്റ് ഓഫീസില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. പാര്‍ട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിയെ അഭിനന്ദിക്കാന്‍ മധുരവുമായാണ് അക്രമി ഓഫീസിനകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

Tags:    

Similar News