തീരപ്രദേശത്ത് 52 ദിവസം ഇനി വറുതിയുടെ കാലം; ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും

Update: 2022-06-09 01:23 GMT
തീരപ്രദേശത്ത് 52 ദിവസം ഇനി വറുതിയുടെ കാലം; ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ജൂലൈ 31 വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനം തീരപ്രദേശത്ത് വറുതിയുടെ കാലമായി മാറും. ഈ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമായി തുറന്ന് കൊടുക്കും. ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മീന്‍ കച്ചവടം മുതല്‍ ഐസ് പ്ലാന്റുകള്‍ വരെ അനുബന്ധ തൊഴില്‍ മേഖലകളിലും ട്രോളിംഗ് നിരോധനം പ്രതിഫലിക്കും. തീരക്കടലിലും ആഴക്കടലിലും പരിശോധന കര്‍ശനമാക്കാനും ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആഴക്കടലിലെ അശാസ്ത്രീയ മിന്‍പിടുത്തം തടയാന്‍ സ്ഥിരം സംവിധാനത്തോടൊപ്പം തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മത്സ്യവറുതി പാക്കേജ് നടപ്പാക്കണമെന്നുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം. മുനമ്പത്തും നീണ്ടകരയിലും വ്യാപകമായ പെയര്‍ ട്രോളിംഗ് അടിയന്തരമായി നിര്‍ത്തലാക്കണം, ആഴക്കടലിലെ അശാസ്ത്രീയ മീന്‍പിടുത്തം തടയാന്‍ വ്യാപക പരിശോധനയും നടപടിയും വേണമെന്നതടക്കമുള്ള ആവശ്യങ്ങളും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

മത്സ്യങ്ങളുടെ പ്രജനന കാലവും കടലിലെ മത്സ്യ സമ്പത്തും സംരക്ഷിക്കാന്‍ കാലങ്ങളായി പരമ്പരാഗത മത്സ്യതൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപം പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്കുണ്ട്. ഇതിനെല്ലാം പുറമെ പലവിധ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടപ്പെട്ടത് 72 തൊഴില്‍ ദിനങ്ങളാണെന്നും തീരദേശത്തെ പട്ടിണിമാറ്റാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നുമാണ് സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന്‍ ആവശ്യപ്പെടുന്നത്.

Tags:    

Similar News