തൃശൂര്‍: സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ദ്ധരാത്രി 12 മണി മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം നടപ്പാക്കുന്ന സാഹചര്യത്തില്‍ ജില്ലാ നേത്യത്വത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തൃശൂര്‍ ജില്ലയുടെ തീരപ്രദേശത്ത് ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ യന്ത്രവത്കൃത ബോട്ടുകളും കേരളതീരം വീട്ട് പോകണമെന്ന് അധികൃതര്‍ അറിയിച്ചു. കേരള തീരം വിട്ട് പോകാന്‍ കഴിയാത്ത ബോട്ടുകള്‍ക്ക് അതാത് ബേസ് ഓഫ് ഓപ്പറേഷനില്‍ ആങ്കര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണം. പരമ്പരാഗത വള്ളങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളിംഗ് അനുവദിക്കുന്നതല്ല.
അഴീക്കോട് ഫിഷറീസ് സ്‌റ്റേഷനില്‍ ജൂണ്‍ 15 മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കും. അഴീക്കോട് ഫിഷറീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ (0480 2996090) . അടിയന്തര സാഹചര്യങ്ങളില്‍ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലും (0487 2362424) നേവിയുടെ ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം.
ട്രോളിംഗ് നിരോധന സമയത്ത് കടലില്‍ പോകുന്ന ഒരു വലിയ വള്ളത്തോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. കാരിയര്‍ വള്ളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസില്‍ ബോട്ടുടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം.
തീരപ്രദേശത്തും ഹാര്‍ബറുകളിലും മറ്റു പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് യാതൊരു കാരണവശാലും ഇന്ധനം നല്‍കാന്‍ പാടില്ല . പരമ്പരാഗത തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകളൊഴികെ ഇന്ധനം നല്‍കുന്ന ഡീസല്‍ ബങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കായലിനോടോ, ജെട്ടിയോടോ പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 7അര്‍ദ്ധ രാത്രി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം.ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം.
ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍ പെട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ലയിലെ ഒരു ബോട്ട് കൊട്ടേഷന്‍ പ്രകാരം വാടകയ്ക്ക് എടുക്കാനും അഞ്ച് കടല്‍ റസ്‌ക്യൂ ഗാര്‍ഡന്‍മാരെ നിയമിക്കുന്ന നടപടികളും പൂര്‍ത്തിയാക്കി. അഴീക്കോട് കേന്ദ്രമായി ആരംഭിച്ചിട്ടുള്ള ബേസ് സ്‌റ്റേഷനില്‍ ആവശ്യമെങ്കില്‍ ക്രമസമാധാനപാലനം നിര്‍വഹിക്കുന്നതിനും പൊലീസ് സേനാംഗങ്ങളുടെ ലഭ്യത 24 മണിക്കൂറും ഉറപ്പുവരുത്തും. ഇതിനായി ജില്ലാ പൊലീസ് ചീഫിനും ലോക്കല്‍ പൊലീസ് അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കും. കൂടാതെ ലാന്‍ഡിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പൊലീസ് പെട്രോളിംഗ് ശക്തിപ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കും. ജുവനൈല്‍ ഫിഷിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ആധാര്‍കാര്‍ഡ് ,ലൈഫ് ജാക്കറ്റ് എന്നിവ കൈവശം വെക്കണം.നിരോധനം കഴിയുന്നതിനുള്ളില്‍ ബോട്ടുകളും ഇന്‍ ബോര്‍ഡ് വള്ളങ്ങളും കളര്‍കോഡിംഗ് പൂര്‍ത്തീകരിക്കണം. ജില്ലാ പൊലീസ് ചീഫിന് കോസ്റ്റല്‍ പട്രോളിംഗ് ശക്തമാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി. അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന സൗജന്യറേഷന്‍ യഥാക്രമം കൃത്യമായി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കും.