ഹിജാബ് വിലക്കിനെതിരായ പ്രതിഷേധം; കര്‍ണാടകയില്‍ 58 വിദ്യാര്‍ഥിനികളെ സസ്‌പെന്റ് ചെയ്തു
ബംഗളൂരു: ഹിജാബ് ധരിച്ചതിനും ക്ലാസില്‍ കയറ്റാന്‍ അനുവദിക്കാത്തതിനെതിരേ പ്രതിഷേധിച്ചതിനും കര്‍ണാടക കോളജിലെ 58 വിദ്യാര്‍ഥിനികളെ സസ്‌പെന്റ് ചെയ്തു. കര്‍ണാടക ശിവമോഗ ജില്ലയില്‍ ഷിരാലക്കോപ്പ താലൂക്കിലെ സര്‍ക്കാരിന്റെ കീഴിലുള്ള പ്രീ യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥികളെയാണ് അധികൃതര്‍ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്തത്. ക്ലാസ് മുറിയില്‍ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചത്. 'ഹിജാബ് ഞങ്ങളുടെ അവകാശമാണ്, മരിക്കാനും തയ്യാറാണ്, പക്ഷേ, ഹിജാബ് ഉപേക്ഷിക്കില്ല,' വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ വിദ്യാര്‍ഥിനികളെ കാംപസ് വളപ്പില്‍ പ്രവേശിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഹിജാബിന്റെ കാര്യത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് വിദ്യാര്‍ഥികളോട് വിശദീകരിക്കാന്‍ കോളജ് മാനേജ്‌മെന്റ് വികസന സമിതി ശ്രമിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ലെന്നും ഹിജാബ് ധരിക്കുന്നതില്‍ നിര്‍ബന്ധം പുലര്‍ത്തിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതോടെയാണ് ഇവരെ കോളജില്‍ നിന്ന് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
'ഡെപ്യൂട്ടി എസ്പിയും ഡിഡിപിഐയും എസ്ഡിഎംസിയും നിങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും നിങ്ങള്‍ അവരെ ശ്രദ്ധിച്ചില്ല. നിങ്ങള്‍ നിയമങ്ങള്‍ ലംഘിച്ചു. അതുകൊണ്ടാണ് നിങ്ങളെ കോളജില്‍ നിന്ന് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുന്നത്. സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് കോളജ് പരിസരത്ത് പ്രവേശിക്കാന്‍ കഴിയില്ല'- പ്രിന്‍സിപ്പലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു. അതേസമയം, മറ്റ് പ്രതിഷേധക്കാര്‍ക്കെതിരെയും സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമുള്ള നിരോധന ഉത്തരവുകള്‍ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ശിവമോഗ ജില്ലാ അതോറിറ്റി പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ ലംഘിച്ചതിന് ഒമ്പതുപേര്‍ക്കെതിരേ കേസെടുത്തു. ബുര്‍ഖ ധരിച്ച മുസ്‌ലിം പെണ്‍കുട്ടികളെ കാംപസിനകത്ത് പ്രവേശിപ്പിക്കാത്തതിന് പിയു കോളജ് അധികൃതര്‍ക്കെതിരേ ജില്ലാ ആസ്ഥാനത്ത് പ്രതിഷേധിച്ചവര്‍ക്കെതിരേയാണ് കേസെടുത്തത്. കര്‍ണാടകയിലെ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധനത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.