കൂട്ടപ്പലായനത്തിന്റെ അഞ്ചാം വാര്‍ഷികം; നീതി തേടി പതിനായിരത്തിലധികം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ തെരുവില്‍
ധക്ക: മ്യാന്‍മറില്‍നിന്ന് റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ കൂട്ടപ്പലായനം തുടരുകയാണ്. ലക്ഷക്കണക്കിനാളുകളാണ് ഇതിനകം അയല്‍രാജ്യമായ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളിലെത്തിയത്. റോഹിന്‍ഗ്യകളെ മ്യാന്‍മര്‍ ഭരണകൂടം വംശീയമായി വേട്ടയാടല്‍ ആരംഭിച്ചതോടെയാണ് കൂട്ടപ്പലായനം ആരംഭിച്ചത്. സ്വന്തം വീടും നാടും ഉപേക്ഷിച്ച് വര്‍ഷങ്ങളായി റോഗിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശ് അഭയാര്‍ഥി ക്യാംപുകളില്‍ ദുരിതവും പേറി കഴിയുകയാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല റോഹിന്‍ഗ്യകളുടെ ദുരിതം.
മ്യാന്‍മര്‍ എന്ന രാഷ്ട്രം ഒരിക്കലും ഇവരെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ബംഗ്ലാദേശുമായി അതിര്‍ത്തി തീര്‍ക്കുന്ന റാഖൈന്‍ ജില്ലയിലെ റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശികളാണെന്നാണ് മ്യാന്‍മറിന്റെ പക്ഷം. അതുകൊണ്ടുതന്നെ അവര്‍ റാഖൈന്‍ വിടണമെന്നാണ് മ്യാന്‍മര്‍ വാദിക്കുന്നത്. ബലം പ്രയോഗിച്ച് ഇവരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളും മ്യാന്‍മറിലെ പട്ടാള ഭരണകൂടങ്ങളും ആങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാരും തുടര്‍ന്നു. മ്യാന്‍മര്‍ സൈന്യം റോഗിന്‍ഗ്യകള്‍ക്ക് നേരേ നടത്തിയ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് ആരംഭിച്ച കൂട്ടപ്പലായനത്തിന് അഞ്ചുവര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.
ഈ ഘട്ടത്തില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ അടിച്ചമര്‍ത്തലിന് നീതി ആവശ്യപ്പെട്ട് പതിനായിരത്തിലധികം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ബംഗ്ലാദേശ് അഭയാര്‍ഥി ക്യാംപുകളിലാണ് റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ കൂറ്റന്‍ റാലി നടത്തിയത്. 'ഞങ്ങള്‍ക്ക് നീതി വേണം, അഭയാര്‍ഥികള്‍ വിളിച്ചുപറഞ്ഞു, അവര്‍ കോക്‌സ് ബസാര്‍ ജില്ലയിലെ അവരുടെ താല്‍ക്കാലിക വാസസ്ഥലത്തിന് പുറത്ത് ഒത്തുകൂടി. പതിനായിരത്തിലധികം ആളുകളുമായി നടത്തിയ റാലി മ്യാന്‍മറില്‍ നിന്ന് ലക്ഷക്കണക്കിന് റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികം അടയാളപ്പെടുത്തിയതായി ഡിപിഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.
അഭയാര്‍ഥികളെ സുരക്ഷിതമായും മാന്യമായും സ്വന്തം നാട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്ന് സമുദായ നേതാക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പതിറ്റാണ്ടുകളായി മ്യാന്‍മറിലെ പീഡനത്തെത്തുടര്‍ന്ന് പലായനം ചെയ്ത ഒരുദശലക്ഷത്തിലധികം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ മ്യാന്‍മറുമായുള്ള അതിര്‍ത്തിക്കടുത്തുള്ള ബംഗ്ലാദേശിലെ വൃത്തികെട്ട ക്യാംപുകളില്‍ കഴിയുകയാണ്. ഇവരില്‍ 750,000 പേര്‍ 2017 ആഗസ്ത് 25 ന് ബുദ്ധമത ഭൂരിപക്ഷമായ മ്യാന്‍മര്‍, ന്യൂനപക്ഷ വിഭാഗത്തിനെതിരേ നടത്തിയ സൈനിക അടിച്ചമര്‍ത്തലിന് ശേഷം അതിര്‍ത്തി കടന്നു.
'ജീവിതകാലം മുഴുവന്‍ ക്യാംപുകളില്‍ കുടുങ്ങിക്കിടക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല, അത് വേദനാജനകമാണ്. വീട്ടിലേക്ക് മടങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി സെറ്റില്‍മെന്റുകളിലൊന്നായ കുട്ടുപലോംങ് ക്യാംപില്‍ നടന്ന റാലിയില്‍ സമുദായ നേതാക്കളിലൊരാളായ മുഹമ്മദ് സുബൈര്‍ പറഞ്ഞു. ബംഗ്ലാദേശും മ്യാന്‍മറും തമ്മിലുള്ള കരാര്‍ പ്രകാരം റോഹിന്‍ഗ്യകളെ തിരിച്ചയക്കാനുള്ള രണ്ടുതവണത്തെ ശ്രമങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ അഭയാര്‍ഥികള്‍ നിരസിച്ചതിനെത്തുടര്‍ന്ന് 2019ല്‍ പരാജയപ്പെട്ടു.
റോഹിന്‍ഗങ്ക്യന്‍ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് യുഎന്‍ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. അഭയാര്‍ഥികള്‍ക്ക് സ്വമേധയാ, സുരക്ഷിതവും മാന്യവുമായ മടങ്ങിവരവിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നതിനും മ്യാന്‍മറുമായുള്ള അവരുടെ സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനും ശ്രമം തുടരുമെന്ന് യുഎന്‍ പ്രത്യേക പ്രതിനിധി നോലീന്‍ ഹെയ്‌സര്‍ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ പറഞ്ഞു.