റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാനാവില്ല: കേന്ദ്രം

Update: 2024-03-20 04:16 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അനധികൃതമായി എത്തുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാന്‍ ഉത്തരവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണെന്നും പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും നയപരമായ വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്.എന്നാല്‍, ഇന്ത്യയില്‍ സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. ആ അവകാശം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കി.

അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മീഷണറില്‍ നിന്ന് ചില റോഹിന്‍ഗ്യന്‍ മുസ് ലിങ്ങള്‍ അഭയാര്‍ത്ഥി കാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാര്‍ഡ് ചൂണ്ടിക്കാട്ടിയാണ് അഭയാര്‍ത്ഥി പദവിക്കായി ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യ UNHCR നല്‍കുന്ന കാര്‍ഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. 1951-ലെ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലും തുടര്‍ന്നുള്ള പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ എന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യയില്‍ അനധികൃതമായി എത്തിയ റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങള്‍, പൗരത്വം ലഭിക്കുന്നതിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും കരസ്ഥമാക്കാന്‍ ശ്രമിക്കുകയാണ്. മനുഷ്യക്കടത്ത്, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇവര്‍ ഏര്‍പ്പെടുകയാണ്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി എത്തുന്നവര്‍ അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടനയില്‍ മാറ്റംവരുത്തുകയാണെന്നും കേന്ദ്രം സുപ്രിം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അനധികൃതമായി എത്തിയതിനേത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങളെ വിട്ടയക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അനധികൃതമായി എത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുന്നതുപോലെ റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങള്‍ക്കും പദവി നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.




Tags:    

Similar News