ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി: വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതിനോട് താല്‍പര്യമില്ലെന്ന് 60 ശതമാനം പേര്‍

സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം പേരും ഡിജിറ്റല്‍ ഐഡി ആരോഗ്യസംരക്ഷണം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നു അഭിപ്രായപ്പെട്ടു. എന്നാല്‍, 18 ശതമാനം പേര്‍ ഡിജിറ്റല്‍ ഐഡിയെ എതിര്‍ത്തു.

Update: 2020-09-06 16:14 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി വഴി വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതിനോട് താല്‍പര്യമില്ലെന്ന് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സാമൂഹിക മാധ്യമമായ ലോക്കല്‍ സര്‍ക്കിളിലൂടെ നടത്തിയ സര്‍വേയിലാണ് കണ്ടെത്തലെന്ന് 'ദി പ്രിന്റ്' റിപോര്‍ട്ട് ചെയ്തു. ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷനു കീഴില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി ഉണ്ടാക്കാന്‍ താല്‍പര്യമുണ്ടെന്ന് 59 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആരോഗ്യ, മെഡിക്കല്‍ രേഖകള്‍ക്കപ്പുറത്ത് സെന്‍സിറ്റീവായ വ്യക്തിഗത വിവരങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് 59 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

    സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം പേരും ഡിജിറ്റല്‍ ഐഡി ആരോഗ്യസംരക്ഷണം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നു അഭിപ്രായപ്പെട്ടു. എന്നാല്‍, 18 ശതമാനം പേര്‍ ഡിജിറ്റല്‍ ഐഡിയെ എതിര്‍ത്തു. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍ഡിഎച്ച്എം) പദ്ധതി പ്രകാരമുള്ള ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് 9,000 ത്തോളം ആളുകള്‍ പ്രതികരിച്ചതെന്നു റിപോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ നാല് ചോദ്യങ്ങളിലായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ 34,000ത്തോളം പേരാണ് മറുപടി നല്‍കിയത്.

    ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡിയിലെ വിവരങ്ങള്‍ എങ്ങനെ, എവിടെ സൂക്ഷിക്കണമെന്ന ചോദ്യത്തിന് 8,600 പേര്‍ മറുപടി നല്‍കി. ഇതില്‍ 57 ശതമാനം പേര്‍ വിവരങ്ങള്‍ ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നും കേന്ദ്ര തലത്തില്‍ തന്നെ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയിലെ ഗവേഷണങ്ങള്‍ക്കോ മറ്റോ വേണ്ടി ബാഹ്യ ഏജന്‍സികള്‍ക്ക് ആളുകളുടെ മൊത്തത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു 48 ശതമാനം പേര്‍ ഇത് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞു. 45 ശതമാനം പേര്‍ തങ്ങള്‍ക്കു കുഴപ്പമില്ലെന്ന് പറഞ്ഞപ്പോള്‍ ആറു ശതമാനം പേര്‍ ഉത്തരം നല്‍കിയില്ല. സര്‍വേ ഫലങ്ങള്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി സംരംഭവുമായി ബന്ധപ്പെട്ടവര്‍ക്കു സമര്‍പ്പിക്കുമെന്ന് ലോക്കല്‍ സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ അക്ഷയ് ഗുപ്ത പറഞ്ഞു.

    എന്‍ഡിഎച്ച്എമ്മിനു കീഴില്‍ ശേഖരിക്കുന്ന രഹസ്യ ആരോഗ്യ വിവരങ്ങളുടെ സംരക്ഷണത്തിനാവശ്യമായ നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്മ ആരോഗ്യ പദ്ധതി നടപ്പാക്കുന്നതിന് ഉത്തരവാദിത്തമുള്ള കേന്ദ്ര ഏജന്‍സിയായ നാഷനല്‍ ഹെല്‍ത്ത് അതോറിറ്റി(എന്‍എച്ച്എ) 'ഹെല്‍ത്ത് ഡാറ്റാ മാനേജ്‌മെന്റ് പോളിസി' സംബന്ധിച്ച കരട് പൊതുജനങ്ങള്‍ക്കു വേണ്ടി പുറത്തിറക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും പ്രതികരണങ്ങളും എന്‍ഡിഎച്ച്എമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കാം. ഇതിന്റെ അവസാന തിയ്യതി സപ്തംബര്‍ 21 വരെ നീട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് എന്‍ഡിഎച്ച്എം പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയില്‍ എന്റോള്‍ ചെയ്ത എല്ലാവര്‍ക്കും സൗജന്യമായി ഒരു ഹെല്‍ത്ത് ഐഡി ലഭ്യമാക്കുകയും അവരുടെ വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്തുകയും ചെയ്യും.

60% respondents want Digital Health ID but don't want to share personal data, says survey




Tags:    

Similar News