മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ്: സര്‍വേ അനുമതി സ്‌റ്റേ ചെയ്യണമെന്ന ഹരജി സുപ്രിംകോടതി തള്ളി

Update: 2023-12-15 10:28 GMT

ലഖ്‌നോ: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈകോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. മസ്ജിദില്‍ പ്രാഥമിക സര്‍വേ നടത്താന്‍ കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ബാബരി മസ്ജിദിന്റെ വഴിയോണ് മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസും പോവുന്നതെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സുപ്രിംകോടതി നടപടി. പള്ളിയുടെ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നല്‍കിയ ഒരു കൂട്ടം പരാതികള്‍ കൈമാറിയ ഹൈക്കോടതിയുടെ 2023 മെയിലെ ഉത്തരവ് ചോദ്യം ചെയ്തുള്ള സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ കോടതി പരിഗണിക്കുന്നതിനിടെയാണ് നടപടി. വിചാരണ കോടതിയായ അലഹബാദ് ഹൈക്കോടതി ഫലത്തെ സ്വാധീനിക്കുന്ന ചില ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റ് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി വാദിച്ചെങ്കിലും അംഗീകരിച്ചില്ല. മാത്രമല്ല, ഹരജിയില്‍ ഹൈക്കോടതി ഉത്തരവിനെ ഔദ്യോഗികമായി ചോദ്യം ചെയ്തിട്ടില്ലെന്നു നിരീക്ഷിച്ച സുപ്രിംകോടതി, അവധിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കാമെന്നും അറിയിച്ചു. ഹൈക്കോടതി ഉത്തരവിട്ടാല്‍ മസ്ജിദ് കമ്മിറ്റിക്ക് സുപ്രിംകോടതിയെ സമീപിക്കാമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

    ഏറെക്കാലമായി ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിക്കുന്ന മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കഴിഞ്ഞ ദിവസമാണ് സര്‍വേ നടത്താന്‍ അഭിഭാഷക കമീഷനെ നിയമിക്കാന്‍ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയ്ന്‍ അനുമതി നല്‍കിയത്. മൂന്നംഗ കമ്മീഷനെ നിയോഗിക്കാനാണ് ഉത്തരവ്. തുടര്‍നടപടികള്‍ ഡിസംബര്‍ 18ന് കോടതി തീരുമാനിക്കും. മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാന്‍ അഭിഭാഷക കമീഷനെ നിയോഗിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനില്‍ക്കുന്നതെന്നും അതിനാല്‍ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ ഭൂമി ശ്രീകൃഷ്ണ വിരാജ്മാന്‍ പ്രതിമക്ക് തിരികെ നല്‍കണമെന്നുമാണ് ആവശ്യം. യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവരാണ് എതിര്‍കക്ഷികള്‍.

Tags:    

Similar News