യുക്രെയ്ന് 625 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക

Update: 2022-10-05 02:30 GMT

വാഷിങ്ടണ്‍: യുക്രെയ്‌ന്റെ നിര്‍ണായകമായ സുരക്ഷയും പ്രതിരോധ ആവശ്യങ്ങളും നിറവേറ്റുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 625 ദശലക്ഷം യുഎസ് ഡോളറിന്റെ അധിക സൈനിക സഹായം പ്രഖ്യാപിച്ചു. ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റംസ്, പീരങ്കി സംവിധാനങ്ങള്‍, കവചിത വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് സഹായം പ്രഖ്യാപിച്ചത്.

നാല് ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റങ്ങള്‍ (ഹിമാര്‍സ്), 16 155 എംഎം ഹോവിറ്റ്‌സര്‍, 75,000 155 എംഎം റൗണ്ട് പീരങ്കികള്‍, 500 പ്രിസിഷന്‍ ഗൈഡഡ് 155 എംഎം പീരങ്കി റൗണ്ടുകള്‍, 1,000 155 എംഎം റൗണ്ടുകള്‍ റിമോട്ട് ആന്റിആര്‍മര്‍ മൈന്‍ (RAAM) സിസ്റ്റങ്ങള്‍, 16 105 എംഎം ഹോവിറ്റ്‌സര്‍, 30,000 120 എംഎം മോര്‍ട്ടാര്‍ റൗണ്ടുകള്‍, 200 MaxxPro മൈന്‍ റെസിസ്റ്റന്റ് ആംബുഷ് സംരക്ഷിത വാഹനങ്ങള്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

2021 ജനുവരി മുതല്‍ യുഎസ് യുക്രെയ്‌നിന് 17.5 ബില്യന്‍ ഡോളറിലധികം സുരക്ഷാസഹായം നല്‍കിയിട്ടുണ്ട്. 2014 മുതല്‍ കണക്കുള്‍ പരിശോധിച്ചാല്‍ യുക്രെയ്‌ന് 19.6 ബില്യന്‍ ഡോളറിലധികം സുരക്ഷാ സഹായവും റഷ്യയുടെ അധിനിവേശത്തിന് ശേഷം 16.8 ബില്യനിലധികം ഡോളറും യുഎസ് നല്‍കി. യുക്രെയ്‌ന്റെ പ്രദേശങ്ങള്‍ റഷ്യ പിടിച്ചടക്കുന്നത് അമേരിക്ക ഒരിക്കലും അനുവദിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ഫെബ്രുവരി 24ന് ആരംഭിച്ച യുക്രെയ്ന്‍ അധിനിവേശം റഷ്യ തുടരുകയാണ്. റഷ്യന്‍ അധിനിവേശ മേഖലകളില്‍ യുക്രെയ്ന്‍ സൈന്യവും മുന്നേറ്റം ശക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രാധാന്യമുള്ള ഖേഴ്‌സണ്‍ മേഖലയിലാണ് യുക്രെയ്ന്‍ മുന്നേറ്റം. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ നടത്തിയ മുന്നേറ്റത്തെ അപേക്ഷിച്ച് ഖേഴ്‌സണില്‍ മെല്ലെയാണ് യുക്രെയ്ന്‍ സൈന്യത്തിന്റെ മുന്നേറ്റം. ഹിതപരിശോധനയിലൂടെ റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ക്കപ്പട്ട നാല് മേഖലകളിലൊന്നാണു ഖേഴ്‌സണ്‍.

Tags:    

Similar News