ബംഗ്ലാദേശില്‍ ആഞ്ഞടിച്ച് സിട്രാങ് ചുഴലിക്കാറ്റ്; ഏഴുപേര്‍ മരിച്ചു, ആയിരങ്ങളെ ഒഴിപ്പിച്ചു
ധക്ക: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട സിട്രാങ് ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ ആഞ്ഞടിച്ചതിനെത്തുടര്‍ന്ന് വ്യാപക നാശം. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേരാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. ആയിരക്കണക്കിനാളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ശക്തമായ കാറ്റില്‍ കെട്ടിടങ്ങളും മരങ്ങളും വീണാണ് ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായത്. അപകടത്തെ തുടര്‍ന്ന് ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ നിരീക്ഷണ സെല്‍ പ്രവര്‍ത്തനക്ഷമമാക്കി.
ധക്ക, കുമില്ലാ ദൗലത്ഖാനിലെ നാഗല്‍കോട്ട്, ഭോലയിലെ ചാര്‍ഫെസണ്‍, നാരയിലിലെ ലോഹഗര എന്നിവിടങ്ങളിലാണ് കനത്ത മഴയോടൊപ്പം ശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ തീരത്ത് നിന്നാണ് ആയിരക്കണക്കിനാളുകളെയും കന്നുകാലികളെയും ഒഴിപ്പിക്കുകയും ചുഴലിക്കാറ്റ് ഷെല്‍ട്ടറുകളിലേക്ക് മാറ്റുകയും ചെയ്തതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച വൈകീട്ട് 6 മണി വരെ കോക്‌സ് ബസാര്‍ തീരത്ത് നിന്ന് 28,155 ആളുകളെയും 2,736 കന്നുകാലികളെയും ഒഴിപ്പിച്ച് ചുഴലിക്കാറ്റ് ഷെല്‍ട്ടറുകളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നതിനാല്‍ 576 ഷെല്‍ട്ടറുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് ധക്ക ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.
ആവശ്യമെങ്കില്‍ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്നതിന് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് കോക്‌സ് ബസാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മാമുനൂര്‍ റഷീദ് പറഞ്ഞു. ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനായി ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തെങ്കിലും സഹായത്തിന് യൂനിയന്‍ പരിഷത്ത് ചെയര്‍മാനുമായോ ഉപജില്ലാ നിര്‍ഭഹി ഓഫിസറുമായോ ജില്ലാ കമ്മീഷണറുടെ ഓഫിസിലെ കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സിട്രാങ് ചുഴലിക്കാറ്റിനെ നേരിടാന്‍ കോക്‌സ് ബസാര്‍ ജില്ലാ ഭരണകൂടം ഞായറാഴ്ച നിരവധി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 104 മെഡിക്കല്‍ ടീമുകളെങ്കിലും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്. ചുഴലിക്കാറ്റില്‍ ആളുകള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ 323 ടണ്‍ അരി, 8 ലക്ഷം രൂപയിലധികം, 1,198 പൊതി െ്രെഡ ഫുഡ്, 400 കാര്‍ട്ടണ്‍ ഡൈജസ്റ്റീവ് ബിസ്‌ക്കറ്റുകള്‍ എന്നിവ ജനങ്ങള്‍ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന് ധക്ക ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.
വടക്ക് പടിഞ്ഞാറ് ഭാഗത്തും മധ്യ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് 'സിട്രാങ്' ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകുന്നേരം കഴിഞ്ഞ 6 മണിക്കൂറിനുള്ളില്‍ 28 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്- വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമായ ചുഴലിക്കാറ്റായി മാറും. ബുധനാഴ്ച പുലര്‍ച്ചെ ബംഗ്ലാദേശ് തീരം കടക്കാനാണ് സാധ്യത. ഇന്നും നാളെയും ബംഗാളിലെ തീരദേശ ജില്ലകളായ സൗത്ത് 24 പര്‍ഗാനസ്, പുര്‍ബ, മേദിനിപൂര്‍ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ത്രിപുര, അസം, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും അരുണാചല്‍ പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ത്രിപുരയില്‍ 24 മണിക്കൂറില്‍ 200 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഒക്ടോബര്‍ 26ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ത്രിപുര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.