ഇസ്രായേലിനു വേണ്ടി ചാരപ്പണി: ഖത്തറില്‍ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; നടപടി ഞെട്ടിച്ചെന്ന് ഇന്ത്യ
ദോഹ: ഇസ്രായേലിനു വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഖത്തറില്‍ അറസ്റ്റ് ചെയ്തിരുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും വിശദമായ വിധി വരുന്നതിനായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നുണ്ട്. നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുന്നുുണ്ട്. കേസിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. സാധ്യമായ എല്ലാ നിയമസഹായവും ലഭ്യമാക്കും. ശിക്ഷാവിധിയെക്കുറിച്ച് ഖത്തര്‍ അധികാരികളുമായി ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്രായേലിനു വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് ഖത്തറിലെ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ആണ് എട്ട് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചത്. മുന്‍ നാവിക ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്‌ലര്‍ രാഗേഷ് എന്നിവര്‍ക്കെതിരേയാണ് വധശിക്ഷ വിധിച്ചത്. ഖത്തര്‍ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന സ്വകാര്യ കമ്പനിയായ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
2022 ആഗസ്ത് 30ന് അര്‍ധരാത്രിയാണ് ഖത്തര്‍ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ ഇവര്‍ ഖത്തറിലെ ജയിലില്‍ കഴിയുകയാണ്. ഒരു അന്തര്‍വാഹിനിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ വിചാരണ നടത്തിയിരുന്നു. നിരവധി തവണ ജാമ്യാപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു.