അലാസ്‌കയില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Update: 2021-07-29 08:01 GMT

വാഷിങ്ടണ്‍: അലാസ്‌കന്‍ ഉപദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. പെറിവില്ലെ പട്ടണത്തിന് 91 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഭൂചലനമുണ്ടായതായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തെക്കന്‍ അലാസ്‌കയിലും അലാസ്‌കന്‍ ഉപദ്വീപിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈ ഭൂചലനത്തെത്തുടര്‍ന്ന് അപകടകരമായ സുനാമി തരംഗങ്ങള്‍ ചില തീരങ്ങളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളിലുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം പ്രസ്താവനയില്‍ പറഞ്ഞു.

ഒക്ടോബറില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അലാസ്‌കയുടെ തെക്കന്‍ തീരത്ത് സുനാമി തിരമാലയുണ്ടായെങ്കിലും ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. നിരന്തരം ഭൂചലനമുണ്ടാവുന്ന പ്രദേശങ്ങളിലൊന്നാണ് അലാസ്‌ക. അലാസ്‌കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജില്‍നിന്ന് 500 മൈല്‍ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ പെറിവില്ലെ. 1964 മാര്‍ച്ചില്‍ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അലാസ്‌കയെ പിടിച്ചുകുലുക്കിയിരുന്നു.

വടക്കേ അമേരിക്കയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു ഇത്. അലാസ്‌ക ഉള്‍ക്കടല്‍, യുഎസ് പടിഞ്ഞാറന്‍ തീരം, ഹവായ് എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമി ആങ്കറേജില്‍ നിരവധി നാശമാണ് വരുത്തിയത്. ഭൂകമ്പവും സുനാമിയും മൂലം 250 ലധികം പേരാണ് മരണപ്പെട്ടത്.

Tags:    

Similar News