കര്‍ണാടകയില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ചു; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

Update: 2022-08-25 06:27 GMT

ബംഗളൂരു: കര്‍ണാടകയിലെ തുംകൂരുവില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെയാണ് തുംകുരു ജില്ലയിലെ ദേശീയപാതയില്‍ ഷിറയ്ക്ക് സമീപം ദേശീയ പാതയില്‍ അപകടമുണ്ടായത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച ടെമ്പോ ട്രക്കില്‍ 24 ഓളം യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരുന്നു. ഇവര്‍ തൊഴിലാളികളാണ്. റായ്ച്ചൂരില്‍ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് മരിച്ചവരെന്ന് പോലിസ് അറിയിച്ചു. മറികടന്നുപോവാന്‍ ശ്രമിച്ച ട്രക്ക് നിയന്ത്രണം വിട്ട് സംഘം സഞ്ചരിച്ചിരുന്ന ജീപ്പില്‍ (ക്രൂയ്‌സര്‍) ഇടിക്കുകയായിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്ന ആറ് തൊഴിലാളികളും മൂന്ന് കുട്ടികളും തല്‍ക്ഷണം മരിച്ചു.

പോലിസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ ഷഹപൂര്‍വാദ് അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റവരെ ചികില്‍സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരകള്‍ സഞ്ചരിച്ച ടെമ്പോ ട്രാക്‌സില്‍ (മള്‍ട്ടി യൂട്ടിലിറ്റി വാഹനം) ഏകദേശം 24 യാത്രക്കാരുണ്ടായിരുന്നുവെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായും പോലിസ് സൂപ്രണ്ടുമായും സംസാരിച്ചതായും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയതായും തുംകുരു ജില്ലാ ചുമതലയുള്ള കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. തുംകുരു ഡിസി വൈ എസ് പാട്ടീല്‍ ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പരിക്കേറ്റ രണ്ട് യാത്രക്കാരെ ബംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് തുംകൂരില്‍ ചികില്‍സ നല്‍കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News