യുക്രെയ്‌നില്‍ റഷ്യന്‍ ഷെല്ലാക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, കര്‍ഫ്യൂ പ്രഖ്യാപിച്ചു

Update: 2022-03-19 13:24 GMT

കീവ്: തെക്കന്‍ യുക്രെയ്‌നിലെ സപറോഷ്യയില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി മേയര്‍ അനറ്റോലി കുര്‍ട്ടീവ് അറിയിച്ചു. ഇതോടെ പ്രദേശത്ത് 38 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചു. റഷ്യന്‍ സൈന്യം മോര്‍ട്ടര്‍, ടാങ്ക്, ഹെലികോപ്റ്റര്‍, റോക്കറ്റ് സംവിധാനം എന്നിവ ഉപയോഗിച്ചാണ് പ്രദേശത്ത് ആക്രമണം നടത്തുന്നതെന്ന് കുര്‍ട്ടീവ് ഓണ്‍ലൈന്‍ പോസ്റ്റില്‍ വ്യക്തമാക്കി. അതേസമയം, യുക്രെയ്‌നില്‍ 112 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറലുടെ ഓഫിസ് അറിയിച്ചിരുന്നു.

ഫെബ്രുവരി 24നാണ് യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചത്. ദിവസങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവിലും ഇതുവരെ തലസ്ഥാനമായ കീവ് പിടിക്കാന്‍ റഷ്യക്കായിട്ടില്ല. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും വന്‍കിട കമ്പനികളും റഷ്യക്കെതിരേ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശത്തിനെതിരേ തലസ്ഥാനമായ മോസ്‌കോയിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. യുഎന്‍ റിപോര്‍ട്ട് പ്രകാരം യുക്രെയ്‌നില്‍ ഇതുവരെ 600 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 1000 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, 7,000 റഷ്യന്‍ സൈനികര്‍ യുക്രെയ്‌നില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക പുറത്തുവിട്ട കണക്കില്‍ പറയുന്നു.

Tags:    

Similar News