രണ്ട് വര്‍ഷം മുമ്പ് കാണാതായ 14കാരിയെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമായ കുഞ്ഞും

2019ല്‍ കൊഴിഞ്ഞാംപാറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയാണ് മധുരയ്ക്ക് സമീപമുളള ശേകനൂറണി എന്ന സ്ഥലത്ത് വച്ച് പോലിസ് കണ്ടെത്തിയത്. വാടകവീട്ടില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിക്കൊപ്പം നാല് മാസം പ്രായമുളള കൈക്കുഞ്ഞുമുണ്ടായിരുന്നു.

Update: 2021-06-18 08:19 GMT

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് കാണാതായ 14കാരി പെണ്‍കുട്ടിയെ തമിഴ്‌നാട് മധുരയില്‍ നിന്ന് പോലിസ് കണ്ടെത്തി. പെണ്‍കുട്ടിക്കൊപ്പം നാല് മാസം പ്രായമുളള കൈക്കുഞ്ഞുമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവിന് വേണ്ടി പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

2019ല്‍ കൊഴിഞ്ഞാംപാറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയാണ് മധുരയ്ക്ക് സമീപമുളള ശേകനൂറണി എന്ന സ്ഥലത്ത് വച്ച് പോലിസ് കണ്ടെത്തിയത്. വാടകവീട്ടില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിക്കൊപ്പം നാല് മാസം പ്രായമുളള കൈക്കുഞ്ഞുമുണ്ടായിരുന്നു. അമ്മയ്‌ക്കൊപ്പം നേരത്തെ ജോലിയെടുത്തിരുന്ന ശെല്‍വകുമാറിനൊപ്പമാണ് താന്‍ നാടുവിട്ടതെന്നാണ് പെണ്‍കുട്ടി പോലിസിന് നല്‍കിയ മൊഴി.

നെന്മാറ സംഭവത്തിന്റ പശ്ചാത്തലത്തില്‍ കാണാതായവരെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തിയത്. പാലക്കാട്ടെത്തിച്ച പെണ്‍കുട്ടിയെയും കൈക്കുഞ്ഞിനെയും വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

അമ്മയ്‌ക്കൊപ്പം ജോലിയെടുത്തിരുന്ന പരിചയമാണ് പെണ്‍കുട്ടിയെയും ശെല്‍വകുമാറിനെയും അടുപ്പിച്ചത്. നിലവില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് കാണാതാവുന്ന ആളുകളുടെ എണ്ണം പാലക്കാട് കൂടുതലെന്നാണ് പോലിസ് കണക്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം പഴയകേസുകളില്‍ ഉള്‍പ്പെടെ ഊര്‍ജ്ജിത അന്വേഷണം തുടങ്ങിയെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News