പദവിയേറ്റെടുത്ത് ഒരു ദിവസത്തിനു ശേഷം ശ്രീലങ്കയില്‍ പുതിയ ധനമന്ത്രി രാജിവച്ചു
പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ സഹോദരന്‍ ബസില്‍ രജപക്‌സയെ മാറ്റി ധനമന്ത്രിയായി നിയമിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് സബ്രിയുടെ രാജി.
കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ശ്രീലങ്കന്‍ ധനമന്ത്രി അലി സബ്രി രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് സബ്രി രാജി സമര്‍പ്പിച്ചത്. പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ സഹോദരന്‍ ബസില്‍ രജപക്‌സയെ മാറ്റി ധനമന്ത്രിയായി നിയമിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് സബ്രിയുടെ രാജി.
നിലവിലെ സ്ഥിതി പഠിച്ച ശേഷം, മുമ്പില്ലാത്ത പ്രതിസന്ധി മറികടക്കാന്‍ പുതിയ ധനമന്ത്രിയെ നിയമിക്കണമെന്ന് പ്രസിഡന്റിന് സമര്‍പ്പിച്ച കത്തില്‍ സബ്രി ആവശ്യപ്പെട്ടു. നിയമവകുപ്പ് രാജിവച്ച ശേഷം മറ്റൊരു മന്ത്രി സ്ഥാനത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്താനും സംവിധാനങ്ങള്‍ അതേപടി തുടരാനുമാണ് ധനമന്ത്രിയായി ചുമതലയേറ്റതെന്നും രാജിക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.
അതേസമയം ശ്രീലങ്കയില്‍പ്രക്ഷോഭംകനയ്ക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി. തെരുവിലിറങ്ങിയ ജനം പലയിടത്തും പ്രതിഷേധം കടുപ്പിച്ചു. പല സ്ഥലങ്ങളിലും തീയിട്ടു, നെഗോമ്പോ പട്ടണത്തില്‍ പോലിസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ ജനങ്ങള്‍ വളഞ്ഞു. മുന്‍ മന്ത്രി ഗാമിനി ലേീലാകഗിന്റെ വീടിന് തീയിടാനും ശ്രമമുണ്ടായി. ഇതിനിടെ സര്‍വകക്ഷി സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.