ഫൈസറിന്റെ കൊവിഡ് വാക്‌സിനു പിന്നില്‍ മുസ്‌ലിം ദമ്പതികള്‍

ഫിസിഷ്യന്‍മാരായ ഉഗുര്‍ സാഹിന്‍, ഭാര്യ ഓസ്ലം തുറെസി എന്നിവരാണ് മാനവരാശി പകച്ചുനിന്ന മഹാമാരിക്കെതിരേ പ്രതിരോധ കവചം തീര്‍ത്ത് ലോകത്തിനു മുമ്പില്‍ പ്രതീക്ഷയുടെ പുതിയ താരോദയമായിരിക്കുന്നത്.

Update: 2020-11-10 13:57 GMT

പാരിസ്: ലോകമാകെ ഭീതിവിതച്ച് മുന്നേറുന്ന മഹാമാരിയായ കൊവിഡിനെ പിടിച്ച് കെട്ടാന്‍ ബഹുരാഷ്ട്ര മരുന്നു കമ്പനി ഫൈസര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനു പിന്നില്‍ തുര്‍ക്കി വംശജരായ മുസ്‌ലിം ദമ്പതികള്‍. കൊവിഡിനെതിരായ പരീക്ഷണങ്ങളില്‍ 90 ശതമാനത്തിലേറെ ഫലപ്രാപ്തി അവകാശപ്പെട്ട് യുഎസ് കമ്പനിയായ ഫൈസര്‍ കഴിഞ്ഞ ദിവസമാണ് മുന്നോട്ട് വന്നത്.

ഫിസിഷ്യന്‍മാരായ ഉഗുര്‍ സാഹിന്‍, ഭാര്യ ഒാസ്ലം തുറെസി എന്നിവരാണ് മാനവരാശി പകച്ചുനിന്ന മഹാമാരിക്കെതിരേ പ്രതിരോധ കവചം തീര്‍ത്ത് ലോകത്തിനു മുമ്പില്‍ പ്രതീക്ഷയുടെ പുതിയ താരോദയമായിരിക്കുന്നത്. 55കാരനായ സാഹിനും 53 കാരിയായ തുറെസിയും ഒരു ഡ്രീം ടീം രൂപീകരിച്ചാണ്

വൈദ്യ ശാസ്ത്രലോകത്തെ വഴിത്തിരിവായ ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്ന് ഫൈസര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഉടന്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുര്‍ക്കിയിലെ ഇസ്‌കെന്തരിയ്യയിലായിരുന്നു സാഹിന്റെ ജനനം. നാലാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം ജര്‍മ്മനിയിലേക്ക് കുടിയേറി. പിതാവ് ഫോര്‍ഡ് ഫാക്ടറിയിലെ തൊഴിലാളി ആയിരുന്നു. കൊളോണ്‍ സര്‍വകലാശാലയില്‍നിന്ന് 1990ല്‍ മെഡിസിനില്‍ ബിരുദവും 1993ല്‍ പിഎച്ച്ഡിയും നേടി. തുടര്‍ന്നുള്ള എട്ടു വര്‍ഷം സാര്‍ലാന്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ സേവനമനുഷ്ടിച്ചു. 2000ത്തില്‍ മെയിന്‍സ് സര്‍വകലാശാലയില്‍ ചേരുകയും 2008ല്‍ പ്രഫസര്‍ഷിപ്പ് നേടുകയും ചെയ്തിരുന്നു.

ഒാസ്ലം തുറെസിയാവട്ടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ബയോ ടെക്കിന്റെ കമ്പനി ബോര്‍ഡ് അംഗമാണ്. ജര്‍മ്മനിയിലേക്ക് കുടിയേറിയ തുര്‍ക്കി ഡോക്ടറുടെ മകളാണ് തുറെസി.

2002ലാണ് ഇരുവരും വിവാഹിതരായത്. ഈ ദമ്പതിമാര്‍ക്ക് കൗമാരക്കാരിയായ ഒരു മകളുണ്ട്. വിവാഹ ദിനത്തില്‍ പോലും ജോലി ചെയ്യാന്‍ സമയം കണ്ടെത്തിയ ഇരുവരും അധ്യാപനവും ഗവേഷണവും ഇഷ്ടപ്പെടുന്നവരും കാന്‍സര്‍ ഇമ്മ്യൂണോതെറാപ്പി ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനായി സ്ഥാപിച്ച കമ്പനി സഹസ്ഥാപകരുമാണ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 55 മില്യണ്‍ ഡോളര്‍ ഈ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു.ജര്‍മ്മനിയിലെ അതിസമ്പന്നരായ ആദ്യ 100 പേരില്‍ ഉള്‍പ്പെടുന്നവരായിട്ടും എളിമയാര്‍ന്ന ജീവിതം നയിക്കുന്നവരാണ് ഇരുവരും. സാഹിന്‍ ഇപ്പോഴും പഴയ ബൈക്ക് ഓടിച്ചാണ് തന്റെ ഓഫിസിലെത്തുന്നത്. കൊവിഡ് -19 വാക്സിനിലേക്കുള്ള അവരുടെ സംഭാവന ലോക ചരിത്രത്തിലെ ശ്രദ്ധേയമായ സംഭാവനയാണ്.

മുസ്‌ലിം സമൂഹം തങ്ങളുടെ നാഗരിതയ്ക്കും രാജ്യത്തിനും അനുയോജ്യരല്ലെന്ന് വിധിയെഴുതുന്ന ഇസ്‌ലാമോ ഫോബുകള്‍ക്ക് മുമ്പില്‍ തങ്ങളുടെ സമൂഹം ചലനാത്മകവും ലോകത്തെ കൂടുതല്‍ മികച്ചതാക്കാന്‍ പോരാടുന്ന വ്യക്തികളെ സൃഷ്ടിക്കാന്‍ കഴിയുന്നതുമാണെന്ന് തെളിയിക്കുകയാണ് ഇരുവരും.

Tags:    

Similar News