ഹിന്ദു പെണ്‍കുട്ടിയെ നോമ്പെടുപ്പിച്ച് ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മുസ്‌ലിം യുവതിയെ ജയിലില്‍ അടച്ചു; കടം വാങ്ങിയ അരലക്ഷം രൂപ തിരികെ നല്‍കാതിരിക്കാനുള്ള കള്ളക്കേസെന്ന് കുടുംബം

Update: 2025-04-05 15:03 GMT
ഹിന്ദു പെണ്‍കുട്ടിയെ നോമ്പെടുപ്പിച്ച് ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മുസ്‌ലിം യുവതിയെ ജയിലില്‍ അടച്ചു; കടം വാങ്ങിയ അരലക്ഷം രൂപ തിരികെ നല്‍കാതിരിക്കാനുള്ള കള്ളക്കേസെന്ന് കുടുംബം

ഝാന്‍സി: പ്രായപൂര്‍ത്തിയാവാത്ത ഹിന്ദു പെണ്‍കുട്ടിയെ കൊണ്ട് നോമ്പെടുപ്പിച്ച് ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മുസ്‌ലിം യുവതിയെ ജയിലില്‍ അടച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിനിയായ ഷഹ്‌നാസ് എന്ന യുവതിയാണ് ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നത്. കടം വാങ്ങിയ അരലക്ഷം രൂപ തിരികെ ചോദിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവും പ്രദേശത്തെ ഹിന്ദുത്വരും ചേര്‍ന്ന് ഷഹ്‌നാസിനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതെന്ന് ഷഹ്‌നാസിന്റെ കുടുംബം അറിയിച്ചു.

മാര്‍ച്ച് പതിമൂന്നിനാണ് ഷഹ്‌നാസിനും ഖുഷ്‌നാമ എന്ന യുവതിക്കെതിരേയും പോലിസ് കേസെടുത്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. പതിനാറുകാരിയായ ഹിന്ദു പെണ്‍കുട്ടി നാല് നോമ്പ് എടുത്തെന്നും ഷഹ്‌നാസിന്റെ പ്രേരണയാലാണ് ഇത് ചെയ്‌തെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവും ഹിന്ദുത്വരും നല്‍കിയ പരാതിയിലെ ആരോപണം. എന്നാല്‍, ഷഹ്‌നാസ് നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നത് മറ്റൊന്നാണ്.

കുറച്ചു കാലം മുമ്പ് പെണ്‍കുട്ടിയുടെ പിതാവ് പത്തുദിവസത്തേക്ക് അരലക്ഷം രൂപ കടമായി വാങ്ങിയെന്നും അത് തിരിച്ചുതന്നില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. പണം തിരികെ ചോദിച്ച് അവരുടെ വീട്ടിലേക്ക് പോവാറുണ്ടായിരുന്നു. മാര്‍ച്ച് പതിമൂന്നിനും അവരുടെ വീട്ടില്‍ പോയി. എന്നാല്‍, ഷഹ്‌നാസിനെ അവരുടെ വീട്ടില്‍ പൂട്ടിയിടുകയാണ് ചെയ്തത്. ബഹളമുണ്ടാക്കിയപ്പോള്‍ അയല്‍ക്കാര്‍ വന്നാണ് മോചിപ്പിച്ചത്. ഇതോടെ പ്രദേശത്തെ ഹിന്ദുത്വവാദികള്‍ അവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

തന്റെ നിര്‍ബന്ധം മൂലം പെണ്‍കുട്ടി നാലു നോമ്പെടുത്തെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും നോമ്പെടുത്തിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ വീട്ടുകാര്‍ക്ക് അറിയാമല്ലോ എന്നും ഷഹ്‌നാസ് ചോദിക്കുന്നു. രാവിലെ മുതല്‍ വൈകീട്ട് വരെ മകള്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അത് അറിയാന്‍ വീട്ടുകാര്‍ക്ക് സാധിക്കും. പക്ഷേ, പണം തിരികെ ചോദിച്ചപ്പോഴാണ് ആരോപണം വന്നതെന്നും ഷഹ്‌നാസ് ചൂണ്ടിക്കാട്ടി. പക്ഷേ, ഈ വാദം കോടതി കേട്ടില്ല. മാര്‍ച്ച് 26ന് ജാമ്യാപേക്ഷ കോടതി തള്ളി.

IMAGE: META AI

Similar News