സ്വപ്‌നയ്ക്ക് തിരിച്ചടി; ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കില്ല

Update: 2022-08-19 09:13 GMT

കൊച്ചി: സ്വപ്‌ന സുരേഷിന് തിരിച്ചടി. ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആണെന്ന് വ്യക്തമാക്കിയാണ് കോടതി സ്വപ്‌നയുടെ ഹര്‍ജി തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്!മാന്‍ വ്യക്തമാക്കി.

ഗൂഢാലോചന കേസുള്‍പ്പെടെ പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പോലിസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകള്‍ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്‌ന സുരേഷിന്റെ വാദം. എന്നാല്‍ നിക്ഷിപ്ത താല്‍പര്യമാണ് സ്വപ്‌നയുടെ രഹസ്യ മൊഴിക്ക് പിന്നിലെന്നും തെളിവുകള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ഇതിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. അന്വേഷണം തുടരുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.



Tags:    

Similar News