സിപിഎമ്മിന്റെ അപ്രമാദിത്വത്തിനെതിരേ ശക്തമായ നിലപാട് വേണം; സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പരക്കെ വിമർശനം
ജില്ലയിലെ ക്യാംപസുകളിൽ എഐഎസ്എഫും എസ്എഫ്ഐയും തമ്മിൽ നേർക്ക് നേർ മൽസരമാണെന്നാണ് മറ്റൊരു വിമർശനം. ക്യാംപസുകളിൽ കെഎസ് യുവും എബിവിപിയും നേട്ടമുണ്ടാക്കിയാലും എഐഎസ്എഫ് നേട്ടമുണ്ടാക്കാൻ പാടില്ലെന്നാണ് എസ്എഫ്ഐ നിലപാട്.
കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പരക്കെ വിമർശനം. സിപിഎം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നുവെന്നും ക്യാംപസുകളിൽ എഐഎസ്എഫ് പ്രവർത്തിക്കുന്നത് എസ്എഫ്ഐക്കാരുടെ മർദ്ദനം സഹിച്ചാണെന്നും പ്രവർത്തന റിപോർട്ടിൽ കുറ്റപ്പെടുത്തുന്നു. സർക്കാരിനെതിരേയും രൂക്ഷ വിമർശനവുമാണ് പ്രവർത്തന റിപോർട്ടിലുള്ളത്.
കൊല്ലത്ത് ബിജെപി വളർച്ചയുണ്ടാക്കിയെന്ന് റിപോർട്ടിൽ പരാമർശിക്കുന്നു. ജില്ലയിലെ ക്യാംപസുകളിൽ എഐഎസ്എഫും എസ്എഫ്ഐയും തമ്മിൽ നേർക്ക് നേർ മൽസരമാണെന്നാണ് മറ്റൊരു വിമർശനം. ക്യാംപസുകളിൽ കെഎസ് യുവും എബിവിപിയും നേട്ടമുണ്ടാക്കിയാലും എഐഎസ്എഫ് നേട്ടമുണ്ടാക്കാൻ പാടില്ലെന്നാണ് എസ്എഫ്ഐ നിലപാട്. എസ്എഫ്ഐക്കാരുടെ മർദ്ദനം നേരിട്ടാണ് എഐഎസ്എഫ് പ്രവർത്തിക്കുന്നതെന്നും സമ്മേളന റിപോർട്ടിൽ പറയുന്നു.
കൊല്ലത്ത് സംഘടനാ സംവിധാനവും ജന സ്വാധീനവും നഷ്ടപ്പെട്ട പാർട്ടിയാണ് ആർഎസ്പിയെന്നാണ് മറ്റൊരു വിമർശനം. എൽഡിഎഫിലേക്ക് തിരിച്ചെത്തണമെന്ന് ആർഎസ്പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. എന്നാൽ യുഡിഎഫിൽ തന്നെ ആർഎസ്പി തുടരുന്നത് എൻ കെ പ്രേമചന്ദ്രന്റെ പിടിവാശി കാരണമാണെന്നാണ് റിപോർട്ട്.
കേരള കോൺഗ്രസ് ബിക്കെതിരെ ഒളിയമ്പും സിപിഐ ജില്ലാ സമ്മേളന പ്രവർത്തന റിപോർട്ടിലുണ്ട്. സിപിഎമ്മിനും സിപിഐക്കും അല്ലാതെ എൽഡിഎഫിലെ ഒരു ഘടക കക്ഷിക്കും കൊല്ലം ജില്ലയിൽ സ്വാധീനമില്ലെന്നാണ് വിമർശനം. പത്തനാപുരം മണ്ഡലത്തിൽ കേരള കോൺഗ്രസ് ബിക്ക് ഉള്ളത് ചെറിയ വേരോട്ടം മാത്രമാണ്. കേരള കോൺഗ്രസ് ബിയുടെ പേര് പരാമർശിക്കാതെയാണ് വിമർശനം.
സിപിഎമ്മിനെതിരേയും രൂക്ഷവിമർശനമുണ്ട്. സഹകരണ മേഖലയിൽ ഇടത് കാഴ്ച്ചപ്പാടിന് നിരക്കാത്ത പ്രവണതകളാണ് നടക്കുന്നത്. എൽഡിഎഫിലെ പ്രബല കക്ഷി സഹകരണ മേഖല കയ്യടക്കുന്നു. സിപിഎം തന്നിഷ്ടപ്രകാരം സഹകരണ മേഖല കൈകാര്യം ചെയ്യുന്നു. ജനം മാറിച്ചിന്തിക്കാൻ സിപിഎം നിലപാട് കാരണമാകുമെന്നും സിപിഎമ്മിന്റെ അപ്രമാദിത്വത്തിനെതിരേ ശക്തമായ നിലപാട് വേണമെന്നും റിപോർട്ടിൽ ആവശ്യപ്പെടുന്നു.