വിജയരാഘവന്‍ വര്‍ഗീയവാദി, ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുന്നു; സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് സുധാകരന്‍

വിജയരാഘവനെപ്പോലുള്ള നേതാക്കന്‍മാരെ മുന്നില്‍ നിര്‍ത്തി, ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുകയാണ് സര്‍ക്കാര്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘനെന്നും സര്‍ക്കാര്‍ മുതലെടുപ്പ് നടത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.

Update: 2021-09-20 10:51 GMT

കണ്ണൂര്‍: ഭരണകക്ഷിയായ സിപിഎമ്മിയും സര്‍ക്കാരിനേയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ ശിഖണ്ഡിയോട് ഉപമിച്ച കെ സുധാകരന്‍ വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു. വിജയരാഘവന്‍ വര്‍ഗീയവാദിയാണെന്നായിരുന്നു കെ സുധാകരന്റെ മറ്റൊരു ആരോപണം.

വിജയരാഘവനെപ്പോലുള്ള നേതാക്കന്‍മാരെ മുന്നില്‍ നിര്‍ത്തി, ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുകയാണ് സര്‍ക്കാര്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘനെന്നും സര്‍ക്കാര്‍ മുതലെടുപ്പ് നടത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.

വര്‍ഗീയത വളര്‍ത്താനുള്ള ശ്രമമാണ് തങ്ങള്‍ നടത്തിയതെന്ന് വിജയരാഘവന്‍ പറഞ്ഞെങ്കില്‍ അതിന് ഏത് ഭാഷയിലാണ് മറുപടി പറയേണ്ടതെന്ന് അറിയില്ല. പ്രതിപക്ഷം സമുദായ നേതാക്കളെ സന്ദര്‍ശിച്ചപ്പോള്‍ ഒരു സമുദായ നേതാവും വിയോജിപ്പ് പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല സര്‍വ പിന്തുണയും നല്‍കിയതായും സുധാകരന്‍ പറഞ്ഞു. ഇവിടെ മതസൗഹാര്‍ദം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തെക്കാള്‍ സര്‍ക്കാരിനല്ലേയെന്നും സുധാകരന്‍ ചോദിച്ചു.

മതമേലാധ്യക്ഷന്‍മാരുമായി ഒരു സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോ. എല്ലാവരെയും വിളിച്ച് ചേര്‍ത്ത് ഈ പ്രശ്‌നം ഏറ്റവും വേഗം പരിഹരിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പിന്നീടും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ മതമേലധ്യക്ഷന്മാരില്‍ നിന്ന് ഉണ്ടാവുകയാണ്. അതിനാല്‍ പ്രശ്‌നം പരിഹരിച്ചു എന്ന സര്‍ക്കാര്‍ അവകാശവാദത്തില്‍ കഴമ്പില്ല. തങ്ങള്‍ ബിഷപ്പുമാരെ കാണാന്‍ പോയതിന് ശേഷമാണ് ഒരു മന്ത്രിയെ മുഖ്യമന്ത്രി പാലായ്ക്ക് അയച്ചത്. ഇവിടെ ഉണ്ടായ ഈ പ്രശ്‌നത്തോട് ഇത്രയും നിസാരമായി പ്രതികരിച്ചത് സര്‍ക്കാരാണ്. എല്ലാ സര്‍ക്കാരും ഇത്തരമൊരു പ്രതിസന്ധിയില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാറില്ലേ?. എന്തുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ തയ്യാറാകാത്തത്?. ആരെയും ബോധ്യപ്പെടുത്താനല്ല സ്വയം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമുദായ നേതാക്കളുടെ യോഗത്തിന് പ്രതിപക്ഷം മുന്‍കൈ എടുത്തതെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിക്കുന്നുണ്ട്. ബിഷപ്പ് ആരോപിച്ചത് പോലെയുള്ള ഏതെങ്കിലും തരത്തിലുള്ള ജിഹാദ് പ്രവര്‍ത്തനം നടക്കുന്നതായി ബോധ്യപ്പെട്ടാല്‍ കര്‍ശനമായ അന്വേഷണത്തിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Tags:    

Similar News