പോലിസ് കസ്റ്റഡിയില്‍ യുവാവിന് ക്രൂരമര്‍ദനം; വലതുകൈ മുറിച്ചുമാറ്റി

Update: 2021-11-29 19:44 GMT

ബംഗളൂരു: മോഷണം ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂരമര്‍ദനം. യുവാവിന്റെ വലതുകൈ മുറിച്ചുമാറ്റി. പോലിസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട അംജദ് ഖാന്റെ മകന്‍ സല്‍മാന്‍ ഖാന്‍ (22) ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വര്‍ത്തൂര്‍ പോലിസ് സ്‌റ്റേഷനിലെ ക്രൈംബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടറും മറ്റു പോലിസുകാരും ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞു.

പ്രദേശത്ത് കോഴിക്കട നടത്തുന്ന സല്‍മാന്‍ ഖാനെ 27ന് രാത്രി 11.30നാണ് വരത്തൂര്‍ പോലിസ് തട്ടിക്കൊണ്ട് പോയത്. മകന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌റ്റേഷനില്‍ അന്വേഷിക്കുകയായിരുന്നു. മകന്‍ സ്‌റ്റേഷനില്‍ ഇല്ലെന്ന് പറഞ്ഞ് പോലിസ് മാതാപിതാക്കളെ തിരിച്ചയച്ചു. രക്ഷിതാക്കള്‍ സര്‍ജാപൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി അന്വേഷിച്ചപ്പോള്‍ അവിടെയും ഇല്ലെന്നായിരുന്നു പോലിസിന്റെ മറുപടി.

തിരികെ വരത്തൂര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സ്‌റ്റേഷനില്‍ നിന്ന് മകന്‍ സല്‍മാന്‍ നിലവിളിക്കുന്ന ശബ്ദം കേട്ടു. മോഷണകുറ്റം ചുമത്തി പോലിസ് തന്റെ മകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നും ശരീരം മുഴുവന്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നു മകനെന്നും മാതാവ് പറഞ്ഞു. വലതുകൈ രക്തവും പഴുപ്പും കെട്ടി നില്‍ക്കുന്ന നിലയിലായിരുന്നു.

മുറിവ് ഗുരുതരമായതിനെ തുടര്‍ന്ന് സല്‍മാനെ പനി ബാധിച്ച് തളര്‍ന്ന അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. മര്‍ദനമേറ്റ് തളര്‍ന്ന മകനെ വിട്ടുകിട്ടാന്‍ അപേക്ഷിച്ചപ്പോള്‍ പോലിസ് പണം ആവശ്യപ്പെട്ടെന്നും പനി രൂക്ഷമായി ഗുരുതരവാസ്ഥയിലായതിനെ തുടര്‍ന്നാണ് പോലിസ് വിട്ടയച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്ന് സല്‍മാനെ സര്‍ജാമാതാ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. മുട്ടനൂര്‍ ക്രോസ് ആശുപത്രി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വര്‍ത്തൂര്‍ സിറ്റി ആശുപത്രിയിലേക്ക് മാറ്റി. സല്‍മാന്റെ ആരോഗ്യനില കണ്ട ഡോക്ടര്‍മാര്‍ കൂടുതല്‍ ചികിത്സയ്ക്കായി വൈദി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.

ഡോക്ടര്‍മാര്‍ സല്‍മാന്‍ ഖാനെ പരിശോധിച്ചപ്പോള്‍ സാരമായ പരുക്കുകളുണ്ടെന്നും വലതു കൈ പൂര്‍ണമായി തളര്‍ന്ന നിലയിലാണെന്നും കണ്ടെത്തി. കൈയ്യിലെ പഴുപ്പ് നിറഞ്ഞതിനാല്‍ കൈ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ജീവന്‍ അപകടത്തിലാകുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വലതുകൈ മുറിച്ചുമാറ്റി. പോലിസ് മര്‍ദനത്തില്‍ യുവാവിന്റെ കൈ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Tags:    

Similar News