കെജ്‌രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും; വീടിനുപുറത്ത് വന്‍ പോലിസ് സുരക്ഷ

Update: 2024-01-04 04:49 GMT
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹം. കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി മൂന്നുതവണ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അരവിന്ദ് കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നത്. കെജ് രിവാളിന്റെ വസതിയിലേക്കുള്ള റോഡുകളെല്ലാം ഡല്‍ഹി പോലിസ് തടയുകയും വന്‍ സുരക്ഷയൊരുക്കുകയും ചെയ്തിട്ടുണ്ട്. ആംആദ്മി പാര്‍ട്ടി നേതാക്കളാണ് അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ പുറത്തുവിട്ടത്. എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി, സൗരഭ് ഭരദ്വാജ്, ജാസ്മിന്‍ ഷാ, സന്ദീപ് പഥക് തുടങ്ങിയവര്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

   

കെജ്‌രിവാളിന് ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും രണ്ടുതവണ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് മൂന്നാം തവണയും നോട്ടീസ് അയച്ചത്. എന്നാല്‍ ഇതിനും ഹാജരാവാതെ, രാജ്യസഭാ തിരഞ്ഞെടുപ്പിന്റെയും റിപ്പബ്ലിക്ക് ദിന തയ്യാറെടുപ്പുകളുടെയും തിരക്കിലാണെന്ന് മറുപടി നല്‍കുകയായിരുന്നു. ചോദ്യാവലി അയച്ചുതരികയാണെങ്കില്‍ മറുപടി നല്‍കാമെന്നും ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാമെന്നും ഇഡിയെ രേഖാമൂലം അറിയിക്കുകയായിരുന്നു. ഇഡിയുടെ നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേസില്‍ സാക്ഷിയായാണോ പ്രതിയായാണോ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്ന് വ്യക്തമല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം, കെജ്‌രിവാളിന്റെ പ്രതികരണം ഇഡിയുടെ അഭിഭാഷകര്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹത്തിന് പുതിയ സമന്‍സ് അയക്കുമെന്നും ഇഡി വൃത്തങ്ങള്‍ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

    ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രചാരണം നടത്തുന്നതില്‍ നിന്നും കെജ് രിവാളിനെ തടയാനുള്ള പദ്ധതിയാണിതെന്ന് എഎപി പ്രസ്താവിച്ചു. മദ്യനയ അഴിമതിക്കേസില്‍ എഎപി നേതാക്കളും മന്ത്രിമാരുമായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയ്ന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അടുത്തതായി അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു എഎപിയുടെ ആരോപണം. ജയിലിലായാലും കെജ് രിവാള്‍ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നും ജയിലിലിരുന്ന് ജോലികള്‍ ചെയ്യണമെന്നുമാണ് എഎപി തീരുമാനിച്ചിട്ടുള്ളത്.

Tags:    

Similar News