സിസോദിയ തിഹാര്‍ ജയിലില്‍ സുരക്ഷിതന്‍; ബിജെപി നേതാക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തള്ളി ജയിലധികൃതര്‍

Update: 2023-03-09 02:23 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മനീഷ് സിസോദിയയെ ബിജെപി നേതാക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തള്ളി ജയിലധികൃതര്‍. മനീഷ് സിസോദിയയെ പ്രത്യേക ജയിലിലേക്ക് മാറ്റിയത് അദ്ദേഹത്തിന്റെ സുരക്ഷ പരിഗണിച്ചാണെന്നും ജയിലില്‍ നല്ല നടപ്പിന് അംഗീകരിക്കപ്പെട്ടവരാണ് പ്രത്യേക സെല്ലില്‍ കഴിയുന്നതെന്നും ആം ആദ്മി നേതാക്കള്‍ ആരോപിക്കുന്നതുപോലെ കുറ്റവാളികളല്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. പ്രത്യേക സെല്ലില്‍ കഴിയുന്നത് സിസോദിയയ്ക്ക് ധ്യാനത്തിന് ഉള്‍പ്പെടെ തടസമുണ്ടാക്കില്ലെന്നും സിസോദിയയുടെ ജയിലിലെ സുരക്ഷയ്‌ക്കെതിരേ എഎപി നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജയിലധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ സിസോദിയയെ വകവരുത്തുന്നതിനാണ് ബിജെപി സര്‍ക്കാര്‍ ജയിലില്‍ അദ്ദേഹത്തെ കൊടുംകുറ്റവാളികളുടെ സെല്ലില്‍ കഴിയാന്‍ വിടുന്നതെന്നാണ് എഎപി നേതാക്കളായ സൗരഭ് ഭരദ്വജ്, സഞ്ജയ് സിങ് എന്നിവര്‍ ആരോപിച്ചത്. മനീഷ് സിസോദിയയെ ജയിലിലെ വിപാസന സെല്ലില്‍ പാര്‍പ്പിക്കണമെന്ന അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. കോടതിയുടെ അനുമതി ഉണ്ടായിട്ടും സിസോദിയയെ മറ്റ് ക്രിമിനലുകള്‍ക്കൊപ്പം ജയില്‍ നമ്പര്‍ 1 ല്‍ പാര്‍പ്പിച്ചു. എന്തിനാണെന്ന് ഇങ്ങനെ ചെയ്യുന്നത് എന്നതിന് കേന്ദ്രം ഉത്തരം പറയണം- ഭരദ്വാജ് പറഞ്ഞു.

ബിജെപി സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മുതിര്‍ന്ന എഎപി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. സിസോദിയയെ ജയിലില്‍ 'അപകടകരമായ' കുറ്റവാളികള്‍ക്കൊപ്പമാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്നും അദ്ദേഹം ആരോപിച്ചു. കോടതി ഉത്തരവുകള്‍ ലംഘിച്ചുവെന്നും സിസോദിയയെ തിഹാര്‍ ജയിലിനുള്ളില്‍ 'അപകടകരമായ പശ്ചാത്തലമുള്ള' കുറ്റവാളികളുടെ കൂടെ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന എഎപി നേതാവ് ദിലീപ് പാണ്ഡെയും അവകാശപ്പെട്ടു. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയെ തിങ്കളാഴ്ചയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തിഹാര്‍ ജയിലാണ് സിസോദിയ തടവില്‍ കഴിയുന്നത്.

Tags:    

Similar News