പഞ്ചാബില്‍ ഭഗവന്ത് മന്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; തിരഞ്ഞെടുത്തത് ടെലിവോട്ടിങ്ങിലൂടെ, 93 ശതമാനം പേരുടെ പിന്തുണ
തങ്ങള്‍ക്കിഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് ഫോണിലൂടെയും വാട്‌സ് ആപ്പിലൂടെയും വോട്ടുചെയ്യാനായിരുന്നു പാര്‍ട്ടി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി പ്രത്യേകം മൊബൈല്‍ നമ്പരും അവതരിപ്പിച്ചിരുന്നു.
ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ആം ആദ്മി പാര്‍ട്ടി (എഎപി) പ്രഖ്യാപിച്ചു. ഭഗവന്ത് മന്നിനെയാണ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മൊഹാലിയില്‍ നടന്ന ചടങ്ങില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്. സംഗ്രൂരില്‍നിന്ന് രണ്ടുവട്ടം ആം ആദ്മി പാര്‍ട്ടി എംപിയായിട്ടുള്ള നേതാവാണ് ഭഗവന്ത് മന്‍. ടെലിവോട്ടിങ്ങിലൂടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ആം ആദ്മി പാര്‍ട്ടി കണ്ടെത്തിയത്. തങ്ങള്‍ക്കിഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് ഫോണിലൂടെയും വാട്‌സ് ആപ്പിലൂടെയും വോട്ടുചെയ്യാനായിരുന്നു പാര്‍ട്ടി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി പ്രത്യേകം മൊബൈല്‍ നമ്പരും അവതരിപ്പിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് പഞ്ചാബിലെ ജനങ്ങളോട് 7074870748 എന്ന നമ്പറില്‍ ഡയല്‍ ചെയ്യുകയോ വാടസ് ആപ്പ് ചെയ്യുകയോ എസ്എംഎസ് ചെയ്യുകയോ ചെയ്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ എഎപി ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ 93 ശതമാനത്തിലധികം വോട്ടാണ് ഭഗവന്ത് മന്‍ നേടിയതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 21 ലക്ഷത്തിലധികം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തതെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. ആം ആദ്മിയുടെ 'ജനത ചുനേഗി അപ്‌ന സിഎം' എന്ന പരിപാടിയില്‍ പങ്കെടുത്ത 93 ശതമാനത്തിലേറെ പേരും നിര്‍ദേശിച്ചതു ഭഗവന്തിന്റെ പേരാണ്. മൂന്ന് ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന് ലഭിച്ചത്. ചിലര്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ തിരഞ്ഞെടുത്തെങ്കിലും ആ വോട്ടുകള്‍ അസാധുവായി കണക്കാക്കി.
മുതിര്‍ന്ന നേതാവ് ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനായിരുന്നു നേരത്തേ പാര്‍ട്ടി തീരുമാനം. എന്നാല്‍, ജനഹിതമറിഞ്ഞശേഷം മതി പ്രഖ്യാപനമെന്നു തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ സംസ്ഥാന മുഖ്യമന്ത്രിയാവുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആളുകള്‍ എന്റെ മുഖം കാണുമ്പോള്‍ ചിരിക്കുകയാണ് ചെയ്യാറ്. പക്ഷെ, ഇപ്പോള്‍ അവര്‍ എന്നോട് കരഞ്ഞുകൊണ്ട് പറയുന്നു. ഞങ്ങളെ രക്ഷിക്കണേയെന്ന്, സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കൂടിയായ ഭഗവന്ത് മന്‍ പറഞ്ഞു.
പഞ്ചാബ് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ഭഗവന്ത് മന്‍ 2014ലാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് പഞ്ചാബില്‍ 20 സീറ്റാണ് ലഭിച്ചത്. 117 അംഗ നിയമസഭയിലേക്കു ഫെബ്രുവരി 20ന് ആണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് ഫലമറിയാം. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ വോട്ടെടുപ്പ്. മാര്‍ച്ച് പത്തിന് ഫലം പുറത്തുവരും. ഇവിടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ആദ്യപാര്‍ട്ടിയാണ് ആം ആദ്മി. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ആദ്യത്തെ പാര്‍ട്ടിയാണ് എഎപി.