റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുര്‍റഹീമിന്റെ കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി. ഇനി കേസ് പരിഗണിക്കുക ഡിസംബര്‍ 30നാണ്. സൗദി സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേസ് പരിഗണിക്കാനിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ കോടതി കേസ് പരിഗണിക്കുന്നത് മാറ്റി. ഡിസംബര്‍ എട്ടിനായിരുന്നു ഒടുവില്‍ കേസ് പരിഗണിച്ചത്. ജയില്‍ മോചനത്തിന് മറ്റു തടസങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 2006ലാണ് അബ്ദുര്‍റഹീം സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബര്‍ 26ന് ജോലിക്കിടെ സ്‌പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്.
മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദയാധനം നല്‍കിയതിനെ തുടര്‍ന്ന് അബ്ദുര്‍റഹീമിന് വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ചിരുന്നു. 34 കോടി രൂപയാണ് മലയാളികള്‍ ചേര്‍ന്ന് സമാഹരിച്ചത്. തുടര്‍ന്നാണ് റഹീമിനായി സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്.