അഭയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്; ഉറ്റുനോക്കി കേരളം, ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം
ഇന്നു രാവിലെ പ്രതികളെ ജയിലില്‍ നിന്നു കോടതിയിലെത്തിക്കും. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് പറയും. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനല്‍ കുമാറാണ് വിധി പറയുന്നത്. പ്രതികളായ ഫാദര്‍ തോമസ് എം. കോട്ടൂരും, സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്നു തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇന്നു രാവിലെ പ്രതികളെ ജയിലില്‍ നിന്നു കോടതിയിലെത്തിക്കും. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. അഭയക്കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതകവും തെളിവു നശിപ്പിക്കലുമാണ് തെളിഞ്ഞത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
28 വര്‍ഷത്തിനുശേഷമാണ് അടിമുടി ദുരൂഹത നിറഞ്ഞ അഭയയുടെ മരണത്തിന്റെ പിന്നാമ്പുറ കഥകള്‍ തെളിഞ്ഞത്. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് കണ്ട അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും, അടക്കാ രാജുവിന്റെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായി സിബിഐ ചൂണ്ടികാണിച്ചത്.
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്ക് ശേഷം ജയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പതിനൊന്നു മണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടുവരും. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാരംഭിച്ച വിചാരണ നടപടികള്‍ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്.
കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ വേണ്ടത്ര തെളിവുകളില്ലാത്തിനാല്‍ കോടതി ഒഴിവാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ 8 പേര്‍ കൂറുമാറിയിരുന്നു. ഒന്നാം സാക്ഷിയായ സഞ്ചു പി മാത്യുവിനെതിരേ നിയമനടപടിയും സിബിഐ ആരംഭിക്കും.